മുൻമന്ത്രിയും കോൺഗ്രസ് നേതാവുമായ എംഎ കുട്ടപ്പൻ അന്തരിച്ചു. 75 വയസ്സായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 2001ലെ ആന്റണി മന്ത്രിസഭയിൽ അംഗമായിരുന്നു. പിന്നാക്ക – പട്ടികക്ഷേമ മന്ത്രിയായി 2004 വരെ അദ്ദേഹം പ്രവർത്തിച്ചു. നാല് തവണ നിയമസഭയിൽ അംഗമായിരുന്നു.
1980ൽ വണ്ടൂരിൽ നിന്നായിരുന്നു ആദ്യമായ് നിയമസഭയിൽ എത്തിയത്. പിന്നീട്, 1987ൽ ചേലക്കരയിൽ നിന്നും 1996, 2001 വർഷങ്ങളിൽ ഞാറക്കലിൽ നിന്നും നിയമസഭയിലേക്ക് വിജയിച്ചു. ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് കമീഷൻ അംഗം, ദക്ഷിണ റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് അംഗം, കാലിക്കറ്റ് സർവകലാശാല സെനറ്റ് അംഗം, കെ പി സി സി നിർവാഹകസമിതി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.
ആലപ്പുഴ മെഡിക്കൽ കോളജിൽ ട്യൂട്ടറായും അഞ്ചുവർഷം ആരോഗ്യ വകുപ്പിൽ അസി. സർജനായും നാലുവർഷം കൊച്ചിൻ പോർട്ട് ട്രസ്റ്റ് ആശുപത്രിയിൽ മെഡിക്കൽ ഓഫീസറായും സേവനം അനുഷ്ഠിച്ചു. 2016 ൽ പക്ഷാഘാതം ബാധിച്ചതോടെ പൊതു രംഗത്ത് നിന്ന് വിട്ടുനിന്നു. ബിബിയാണ് ഭാര്യ.