വയനാട്ടില്‍ പ്രായപൂര്‍ത്തിയാവാത്ത ആദിവാസി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ കോണ്‍ഗ്രസ് നേതാവിനെതിരെ പാര്‍ട്ടി നടപടി. ഡി.സി.സി അംഗവും ബത്തേരി പഞ്ചായത്ത് മുന്‍ പ്രസിഡന്‍റുമായ ഒ.എം ജോര്‍ജിനെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പാര്‍ട്ടി പുറത്താക്കി. കേസ് ഒതുക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഇടപെട്ടതായി ബന്ധുക്കള്‍ ആരോപിച്ചിരുന്നു.
ഒ.എം ജോര്‍ജ്ജിനെ അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തതായി കെ.പി.സി.സി പ്രസിഡന്റാണ് അറിയിച്ചത്. ഒന്നര വര്‍ഷത്തോളം പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കോണ്‍ഗ്രസ് നേതാവായ ഒ.എം ജോര്‍ജ്ജിനെതിരെ പരാതി. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ജോര്‍ജ്ജിന്റെ വീട്ടിലെ ജോലിക്കാരാണ്. അവധി ദിവസങ്ങളില്‍ ഇവര്‍ക്കൊപ്പം പെണ്‍കുട്ടിയും ജോലിക്ക് പോവാറുണ്ടായിരുന്നു. മാതാപിതാക്കളില്ലാത്ത സമയത്താണ് പ്രതി പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയത്. കഴിഞ്ഞ ആഴ്ച പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. തുടര്‍ന്നാണ് ബന്ധുക്കള്‍ വിവരം അറിയുന്നത്. സംഭവമറിഞ്ഞ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ പൊലീസിന് വിവരം കൈമാറി.
അതേസമയം കേസ് ഒതുക്കി തീര്‍ക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഇടപെട്ടതായി പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പറഞ്ഞു. പോക്സോ നിയമം, ആദിവാസി വിഭാഗങ്ങള്‍ക്കെതിരായ അതിക്രമം തടയല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. എസ്.എം.എസ് ഡി.വൈ.എസ്.പി കുബേരന്‍ നമ്പൂതിരിയാണ് കേസ് അന്വേഷിക്കുന്നത്.