പി മോഹനന്റെ വിവാദ പ്രസ്താവന സി.പി.എമ്മിനെതിരായ ആയുധമാക്കി യു.ഡി.എഫ്. സർക്കാരും സി.പി.എമ്മും ആർ.എസ്.എസ് അജണ്ടയാണ് നടപ്പിലാക്കുന്നതെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. ഇസ്‍ലാമോഫോബിയ വളർത്താനുള്ള ബി.ജെ.പി അജണ്ടക്ക് സി.പി.എം വെള്ളവും വളവും കൊടുക്കുകയാണെന്ന് രമേശ് ചെന്നിത്തലയും എം.കെ മുനീറും കുറ്റപ്പെടുത്തി.
മാവോയിസ്റ്റുകളും ഇസ്‍ലാമിക തീവ്രവാദികളും തമ്മിൽ അവിശുദ്ധ ബന്ധമുണ്ടെന്ന സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍റെ പ്രസ്താവനയ്ക്കെതിരെ രൂക്ഷമായ ഭാഷയിലാണ് മുല്ലപ്പള്ളി രാമചന്ദ്രൻ ഇന്നലെ പ്രതികരിച്ചത്. പി മോഹനനെ ബി.ജെ.പി നേതാക്കൾ പിന്തുണച്ചതും യു.എ.പിഎ കേസെടുത്ത സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ ബി.ജെ.പി മുഖപത്രം വാഴ്ത്തിയതും ബന്ധിപ്പിച്ചാണ് മുല്ലപ്പള്ളിയുടെ സി.പി.എം വിമർശം. സി.പി.എമ്മും സർക്കാരും ആർ.എസ്.എസ് അജണ്ട നടപ്പിലാക്കുന്നു, ആർ.എസ്.എസിന്‍റെ വായ്ത്താരി സി.പി.എം ഏറ്റുപിടിക്കുന്നു എന്നിങ്ങനെ സി.പി.എം – ആർ.എസ്.എസ് ബന്ധം എന്ന തന്റെ വാദത്തിന് ബലം പകരുകയാണ് മുല്ലപ്പള്ളി ചെയ്യുന്നത്. മോഹനന്‍റെ പ്രസ്താവനയിൽ പ്രതിരോധത്തിലായ സി.പി.എമ്മിനെ ആക്രമിക്കുകയും അതോടൊപ്പം മോഹനന്‍റെ പ്രസ്താവനയിൽ എതിർപ്പുള്ള മുസ്‍ലിം വിഭാഗത്തിന്‍റെ പിന്തുണ ഉറപ്പിക്കുകയും ചെയ്യുക എന്നതാണ് കോൺഗ്രസ് ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നത്.
ഇസ്ലാമോഫോബിയ സൃഷ്ടിച്ച് മുസ്‍ലിം സമുദായത്തെ അടച്ചാക്ഷേപിക്കാൻ ഉള്ള സംഘപരിവാർ അജണ്ടയ്ക്ക് വെള്ളവും വളവും കൊടുക്കലാണ് സി.പി.എം മോഹനനിലൂടെ ചെയ്തിരിക്കുന്നതെന്ന വിമർശമാണ് രമേശ് ചെന്നിത്തലയും എം.കെ മുനീറും ഉന്നയിച്ചിരിക്കുന്നത്. പാർലമെന്റ് തെരഞ്ഞെടുപ്പ് കാലത്ത് സംഘപരിവാർ വിരുദ്ധ രാഷ്ട്രീയത്തിന്‍റെ ഗുണം ലഭിച്ച യു.ഡി.എഫ് അത് തുടരാനാണ് ഇത്തരം നീക്കങ്ങളിലൂടെ ആഗ്രഹിക്കുന്നത്.