India Kerala

വടകരയില്‍ കെ. മുരളീധരന്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയാകും

വടകരയില്‍ മത്സരിക്കാന്‍ കെ.മുരളീധരന്‍ സന്നദ്ധത അറിയിച്ചു. വടകരയിലെ മത്സരം അക്രമ രാഷ്ട്രീയത്തിനെതിരായ പോരാട്ടമാണെന്ന് മുരളീധരന്‍ പറഞ്ഞു. സ്ഥാനാര്‍ഥിയാകാന്‍ മുരളീധരനോട് ആവശ്യപ്പെട്ടെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ വ്യക്തമാക്കി. അന്തിമ തീരുമാനം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് വിട്ടു.

മുരളീധരന്‍ വടകരയില്‍ സ്ഥാനാര്‍ഥിയായാല്‍ വളരെ നല്ലതാണെന്ന് മുല്ലപ്പള്ളി പറഞ്ഞു. നല്ല പോരാട്ടം കാഴ്ച വെച്ച് വിജയിക്കുമെന്ന പ്രത്യാശയുണ്ട്. ഏത് സ്ഥാനാര്‍ഥിയാണെങ്കിലും വിജയിക്കും. മുരളീധരന്‍ ആണെങ്കില്‍ അനായാസം വിജയിക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു.

വടകരയില്‍ കെ.പി.സി.സി സെക്രട്ടറി പ്രവീണ്‍ കുമാറിനെയാണ് പരിഗണിച്ചിരുന്നത്. എന്നാല്‍ ദുര്‍ബലനായ സ്ഥാനാര്‍ഥി ആവരുത്, ശക്തനായ സ്ഥാനാര്‍ഥിയെ തന്നെ നിര്‍ത്തണമെന്ന ആവശ്യം വിവിധ ഭാഗങ്ങളില്‍ നിന്നുയര്‍ന്നു.


മത്സരിക്കാന്‍ മുല്ലപ്പള്ളിക്ക് മേല്‍ സമ്മര്‍ദമുണ്ടായിരുന്നു. എന്നാല്‍ മത്സരിക്കാനില്ലെന്ന തീരുമാനത്തില്‍ അദ്ദേഹം ഉറച്ചുനിന്നു. ഈ സാഹചര്യത്തിലാണ് മുരളീധരനെ പരിഗണിച്ചത്.