നിയുക്ത ധനമന്ത്രി കെ എന്‍ ബാലഗോപാലിന് പത്രപരസ്യത്തിലൂടെ ആശംസ അറിയിച്ച് ബിജെപി – കോണ്‍ഗ്രസ് നേതാക്കള്‍. ഡിസിസി ജനറല്‍ സെക്രട്ടറി മാത്യു ചെറിയാൻ, ബിജെപി കലഞ്ഞൂർ പഞ്ചായത്ത് കമ്മറ്റി പ്രസിഡന്‍റ് പി എസ് അരുൺ തുടങ്ങിയവരാണ് മന്ത്രിക്ക് ആശംസ അറിയിച്ചത്. പത്തനംതിട്ട കലഞ്ഞൂർ സ്വദേശി എന്ന നിലയിലാണ് നേതാക്കള്‍ മന്ത്രിക്ക് പത്ര പരസ്യത്തിലൂടെ ആശംസ അറിച്ചത്. ‘കാര്‍ഷിക ഗ്രാമമായ കലഞ്ഞൂരില്‍ ഇക്കോ ടൂറിസം ഉള്‍പ്പെടെയുള്ള വികസന സാധ്യതകള്‍ കണ്ടെത്തി നടപ്പാക്കുന്നതിന് ധനകാര്യ മന്ത്രി ബി എന്‍ ബാലഗോപാലിന് സാധിക്കുമെന്ന പ്രതീക്ഷയുണ്ട്’ എന്നാണ് മാത്യു ചെറിയാൻ കുറിച്ചത്. മാത്യു ചെറിയാനോട് വിശദീകരണം തേടുമെന്ന് കോൺഗ്രസ് നേതൃത്വം പറഞ്ഞു.
ബിജെപി നേതാവ് പി എസ് അരുണ്‍ കുറിച്ചത് ‘രാഷ്ട്രീയപരമായും ആശയപരമായും വിയോജിപ്പുകള്‍ ഉണ്ടെങ്കിലും കലഞ്ഞൂര്‍ ദേശത്തുനിന്നും കേരള നിയമസഭയിലേക്കെത്തിയ കെ എന്‍ ബാലഗോപാലിന് ആശംസകള്‍’ എന്നാണ്. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്, ശാസ്ത്ര സാഹിത്യ പരിഷത്ത്, തൃക്കലത്തൂര്‍ മഹാദേവര്‍ ക്ഷേത്രം ട്രസ്റ്റ് മാനേജര്‍, സിപിഎം ഏരിയാ കമ്മിറ്റി തുടങ്ങിയവരും ആശംസകള്‍ നേര്‍ന്നു.