Kerala

തിരുവനന്തപുരത്തെ തീരപ്രദേശങ്ങളില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു

കൊവിഡ് സാമൂഹ്യവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തിരുവനന്തപുരത്തെ തീരപ്രദേശങ്ങളില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. തീരപ്രദേശങ്ങളിലേക്ക് പുറത്ത് നിന്ന് ആരെയും പ്രവേശിപ്പിക്കില്ല, മേഖലയില്‍ നിന്ന് ആരെയും പുറത്ത് പോകനും അനുവദിക്കില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. സമൂഹവ്യാപനം ഉണ്ടായ പൂന്തുറ, പുല്ലുവിള അടക്കം മുഴുവന്‍ തീരപ്രദേശവും അടച്ചിടനാണ് തീരുമാനം.
സമ്പൂര്‍ണ ലോക്ക്ഡൗണിനെ തുടര്‍ന്ന് ജോലിയില്ലാതാകുന്നവര്‍ക്ക് ഭക്ഷ്യവസ്തുകള്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ സര്‍ക്കാര്‍ എത്തിക്കുമെന്നും മന്ത്രി പറഞ്ഞു. അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ നിശ്ചിത സമയത്തേക്ക് തുറക്കുന്നതും പരിഗണിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

അതേസമയം, ജില്ലയിലെ കൊവിഡ് വ്യാപനം തടയുന്നതിന് ജില്ലയുടെ തീരമേഖലയെ മൂന്നായി തിരിച്ചുകൊണ്ട് പ്രത്യേക നിരീക്ഷണ പദ്ധതിക്ക് പൊലീസ് രൂപം നല്‍കി. സിറ്റി പൊലീസ് കമ്മീഷണര്‍ ബല്‍റാം കുമാര്‍ ഉപാധ്യായ സ്‌പെഷ്യല്‍ ഓഫീസറായുള്ള പദ്ധതിയില്‍ മൂന്നു മേഖലയുടെയും ചുമതല എസ്പിമാര്‍ക്ക് നല്‍കിയിട്ടുണ്ട്. സ്‌പെഷ്യല്‍ ഓഫീസറെ സഹായിക്കാനായി തിരുവനന്തപുരം റേഞ്ച് ഡിഐ ജി സഞ്ജയ് കുമാര്‍ ഗുരുഡിനെ ചുമതലപ്പെടുത്തി. ക്രമസമാധാന വിഭാഗം എഡിജിപി ഡോ. ഷേക്ക് ദര്‍വേഷ് സാഹിബിനാണ് മേല്‍നോട്ടച്ചുമതല.