Kerala

നടിയെ ആക്രമിച്ച കേസ്; വാര്‍ത്ത ചോര്‍ന്നെന്ന പരാതിയില്‍ പ്രോസിക്യൂഷന്‍ ഇന്ന് മറുപടി നല്‍കും

നടിയെ ആക്രമിച്ച കേസില്‍ വാര്‍ത്ത ചോര്‍ത്തിയെന്ന ആരോപണം നിഷേധിച്ച് പ്രോസിക്യൂഷന്‍. കോടതി ജീവനക്കാരെ ചോദ്യം ചെയ്യണമെന്ന അപേക്ഷ മാധ്യമപ്രവര്‍ത്തകര്‍ക്ക് ചോര്‍ത്തി നല്‍കിയെന്നാണ് ആരോപണം. അപേക്ഷയുടെ പകര്‍പ്പ് തങ്ങളുടെ കയ്യില്‍ നിന്ന് ചോര്‍ന്നിട്ടില്ലെന്ന് പ്രോസിക്യൂഷന്‍ പ്രതികരിച്ചു. 11 മണിയോടെ അന്വേഷണ ഉദ്യോഗസ്ഥന്‍ ഡിവൈഎസ്പി ബൈജു പൗലോസ് വിചാരണാ കോടതിയില്‍ ഹാജരാകും.

കേസിലെ ചില നിര്‍ണായക വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിയെന്നായിരുന്നു കോടതിയിക്ക് ലഭിച്ച പരാതി. ഇതില്‍ മറുപടി നല്‍കുന്നതിന്റെ ഭാഗമായാണ് ഡിവൈഎസ്പി ബൈജു പൗലോസ് കോടതിയില്‍ ഹാജരാകുക.

അതേസമയം നടിയെ ആക്രമിച്ച കേസില്‍ ഹാക്കര്‍ സായ് ശങ്കറുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ദിലീപിന്റെ അഭിഭാഷകര്‍ക്ക് ക്രൈംബ്രാഞ്ച് നോട്ടിസ് അയച്ചിട്ടുണ്ട്. രാമന്‍പിള്ള അസോസിയേറ്റ്‌സിനാണ് ക്രൈംബ്രാഞ്ച് നോട്ടിസ് നല്‍കിയത്. ലാപ്‌ടോപ്പ് അടക്കമുള്ള അഞ്ച് ഡിജിറ്റല്‍ ഗാഡ്ജറ്റുകള്‍ ഹാജരാക്കണമെന്ന് അന്വേഷണ സംഘം അറിയിച്ചു.

ദീലീപിന്റെ അഭിഭാഷകന്റെ ആവശ്യപ്രകാരമാണ് ഫോണിലെ വിവരങ്ങള്‍ നീക്കം ചെയ്തതെന്ന് സായ് ശങ്കര്‍ മൊഴി നല്‍കിയിരുന്നു. നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ പങ്കാളിത്തം തെളിയിക്കാനും ഏറ്റവും നിര്‍ണായകമാകാന്‍ പോകുന്ന ഡിജിറ്റല്‍ തെളിവുകളാണ് ഇവ.