കൊടകര കളളപ്പണ കേസിന് പിന്നാലെ ബി.ജെ.പി നേതാക്കൾക്കെതിരെ അനധികൃത സാമ്പത്തിക ഇടപാടുകൾ നടത്തിയതായി കൂടുതൽ പരാതികൾ. തെരഞ്ഞെടുപ്പ് കാലത്ത് ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കെ.സുരേന്ദ്രൻ ഹെലികോപ്റ്റർ മാർഗം പണം കടത്തി എന്ന് ആൾ ഓള്‍ കേരള ആന്‍റി കറപ്ഷന്‍ ആന്‍റ് ഹ്യൂമന്‍ പ്രൊട്ടക്ഷന്‍ സംസ്ഥാന പ്രസിഡന്‍റ് ഐസക് വർഗീസ് മുഖ്യമന്ത്രിക്കും, ഡി.ജി.പിക്കും പരാതി നൽകി. അനധികൃത പണമിടപാട് സംബന്ധിച്ച് ശോഭാ സുരേന്ദ്രന്‍റ് ശബ്ദ സന്ദേശം സംബന്ധിച്ച് അന്വേഷണം വേണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു. നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി സംസ്ഥാനത്തുടനീളം കളള പണ്ണം ഒഴുക്കിയിരുന്നതായാണ് ആൾ കേരള ആന്‍റി കറപ്ഷൻ ആന്‍റ് ഹ്യൂമൻ പ്രൊട്ടക്ഷൻ കൗൺസിൽ സംസ്ഥാന പ്രസിഡന്‍റ് ഐസക് വർഗീസ് മുഖ്യമന്ത്രിക്ക് അയച്ച പരാതിയിൽ പറയുന്നത്. റോഡിലെ പരിശോധന ഒഴിവാക്കാനായി പണം വിതരണത്തിന് കെ. സുരേന്ദ്രൻ സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റർ ഉപയോഗിച്ചു എന്നും പരാതിയിൽ പറയുന്നു.
തെരഞ്ഞെടുപ്പ് കാലത്ത് കേരളത്തിലെത്തിയ ദേശീയ നേതാക്കൾ വഴി പണം എത്തിയോ എന്ന് അന്വേഷിക്കണമെന്നും പരാതിയിലുണ്ട്. പണമിടപാട് സംബന്ധിച്ചുള്ള ശോഭാ സുരേന്ദ്രന്‍റെ ഒരു ഓഡിയോ ക്ലിപ്പും പുറത്തുവന്നിട്ടുണ്ട്. ”മാഷുടെ കൈയിൽ കുറച്ച് പണം വന്നിട്ടുണ്ട്. അതിൽ നിന്നും എനിക്ക് കുറച്ചു പൈസ വേണം. അത് പുണ്യ പ്രവർത്തിക്കല്ല. 25 ലക്ഷം രൂപ വാങ്ങിതരണം” -എന്നാണ് പുറത്തുവന്ന ആ ശബ്ദസന്ദേശത്തില്‍ ശോഭാ സുരേന്ദ്രന്‍ പറയുന്നത്. ശോഭാ സുരേന്ദ്രന്‍റെ സാമ്പത്തിക ഇടപാടിനെ കുറിച്ചുള്ള ഓഡിയോ ക്ലിപ്പ് സംബന്ധിച്ച് നേരത്തെ തന്നെ ഐസക് വർഗീസ് പരാതി നൽകിയിരുന്നു. കൊടകര കള്ളപ്പണ കേസുമായി ഇതിന് ബന്ധം ഉണ്ടോ എന്ന് അന്വേഷിക്കണമെന്നാണ് പുതിയ പരാതിയിലെ ആവശ്യം. സർക്കാർ അന്വേഷണം വൈകിപ്പിച്ചാൽ കോടതിയെ സമീപിക്കുമെന്നും പരാതിക്കാരൻ പറഞ്ഞു.