ഇടപാടുകൾ നടത്താത്ത ആളുകൾക്ക് ജപ്‌തി നോട്ടീസ് അയച്ച് അങ്കമാലി അർബൻ ബാങ്ക്. വാഹനാപകടത്തിൽ അരയ്ക്ക് താഴെ തളർന്നയാൾക്കും ക്യാൻസർ ബാധിതനുമാണ് നോട്ടീസ് അയച്ചത്. ജപ്‌തി നോട്ടീസ് 25 ലക്ഷം രൂപ അടയ്ക്കണമെന്ന് ആവശ്യപ്പെട്ട്. നോട്ടീസ് ലഭിച്ചവർ ബാങ്കുമായി ഇടപാട് നടത്താത്തവരെന്ന് പരിശോധനയിൽ കണ്ടെത്തി.
അങ്കമാലി അർബൻ സഹകരണ ബാങ്ക് ഭരിക്കുന്നത് കോൺഗ്രസ് ഭരണ സമിതിയാണ്. പണം ലഭിക്കാത്തതിനാൽ അങ്കമാലി അർബൻ ബാങ്കിൽ പ്രതിഷേധവുമായി നിക്ഷേപകരും എത്തി. സഹകരണ വകുപ്പാണ് പ്രാഥമിക അന്വേഷണം നടത്തുന്നത്. നിക്ഷേപകരും ലോൺ എടുത്ത് ബാധ്യതയിലായവരുമാണ് പരാതിക്കാർ.
20 വർഷം മുൻപുണ്ടായ ഒരു അപകടത്തിൽ അരക്ക് താഴെ തളർന്ന് കിടപ്പിലാണ് പീച്ചാനിക്കാട് സ്വദേശി പ്രവീൺ. അങ്കമാലി സഹകരണ അര്‍ബൻ ബാങ്ക് പ്രവീണ്‍ ഇത് വരെ കണ്ടിട്ട് തന്നെയില്ല. വായ്പ്പയെടുത്ത 25 ലക്ഷം രൂപ ഉടൻ അടക്കണമെന്ന് കാണിച്ച് ബാങ്കിൽ നിന്നും പ്രവീണിന് നോട്ടീസ് ലഭിക്കുകയായിരുന്നു. അതിന്‍റെ ഞെട്ടൽ മാറും മുൻപേ ഭാര്യക്കും അമ്മക്കും അച്ഛനുമെല്ലാം നോട്ടീസുകളെത്തി. എല്ലാവരും കൂടി അടക്കേണ്ടത് ആകെ 1 കോടി രൂപയാണെന്ന് നോട്ടീസിൽ പറയുന്നു.
പ്രവീണിന് മാത്രമല്ല, 400 ലധികം ആളുകൾക്കാണ് ഇതുപോലെ നോട്ടീസ് ലഭിച്ചിട്ടുള്ളത്. ഇവരിൽ ഭൂരിഭാഗം പേരും ഇത് വരെ ബാങ്കിൽ പോകുകയോ ലോണിന് അപേക്ഷിക്കാത്തവരോ ആണ്. വ്യാജ ഒപ്പും രേഖകളുമായി കോൺഗ്രസ് ഭരണ സമിതിയും ഉദ്യോഗസ്ഥരും ചേര്‍ന്നാണ് ഈ തട്ടിപ്പ് നടത്തിയതെന്നാണ് ആരോപണം. നിക്ഷേപകരുടെ പണത്തിലും തിരിമറി നടന്നിട്ടുണ്ട്. ഇതില്‍ പ്രതിഷേധിച്ച് നിക്ഷേപകര്‍ ഇന്നലെ ബാങ്കിനു മുന്നില്‍ പ്രതിഷേധിച്ചിരുന്നു. വായ്പ്പയെടുക്കാതെ ബാധ്യതയിലായവര്‍ മുഖ്യമന്ത്രിക്കും സഹകരണ മന്ത്രിക്കും ഉദ്യോഗസ്ഥര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.