ശിശുക്ഷേമ സമിതിക്ക് കീഴിലുള്ള പാലക്കാട്ടെ അയ്യപുരം തണല്‍ ശിശു പരിചരണ കേന്ദ്രത്തില്‍ കുട്ടികള്‍ക്ക് മര്‍ദ്ദനമേറ്റതായി പരാതി. ശിശുക്ഷേമ സമിതി ജില്ലാ സെക്രട്ടറി വിജയകുമാറിനെതിരെയാണ് ആരോപണം. സംഭവത്തില്‍ കലക്ടര്‍ അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെ സെക്രട്ടറി സ്ഥാനം വിജയകുമാര്‍ രാജിവച്ചു.
ജില്ലാ സെക്രട്ടറി ചുമതലയുള്ള വിജയകുമാര്‍ മര്‍ദിച്ചുവെന്ന് കാട്ടി മുന്‍ ജീവനക്കാരിയാണ് പരാതി നല്‍കിയത്. ജില്ല ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ അടുത്ത ദിവസം കലക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. സിപിഐഎം നോമിനി ആയാണ് വിജയകുമാര്‍ ശിശുക്ഷേമ സമിതി സെക്രട്ടറി പദവിയിലെത്തിയത്. മര്‍ദനവുമായി ബന്ധപ്പെട്ട പരാതി ശിശുക്ഷേമ സമിതി സംസ്ഥാന സെക്രട്ടറിക്കും സിപിഐഎം ജില്ലാ നേതൃത്വത്തിനും നല്‍കിയെങ്കിലും നടപടിയെടുത്തില്ലെന്നാണ് പരാതിക്കാരിയുടെ ആരോപണം. ഇതേ തുടര്‍ന്നാണ് കലക്ടറെ സമീപിച്ചത്.
വിവാദങ്ങളെത്തുടര്‍ന്ന് സിപിഐഎം തെക്കേതറ ബ്രാഞ്ച് സെക്രട്ടറിയായിരുന്ന വിജയകുമാറിനെ പാര്‍ട്ടിയില്‍ നിന്നും മാറ്റി നിര്‍ത്തിയിരിക്കുകയാണ്. ചൈല്‍ഡ് പ്രേട്ടക്ഷന്‍ ഓഫീസറുടെ പരാതിയില്‍ പൊലീസ് സംഭവത്തില്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്.