Kerala

വായ്പ എടുത്ത തുക തിരികെ അടച്ചിട്ടും ആധാരം നൽകിയില്ല; മണപ്പുറം ഫിനാൻസിനെതിരെ പരാതി

വായ്പ്പ എടുത്ത തുക തിരികെ അടച്ചിട്ടും വീടിന്റെ ആധാരം നൽകാതെ മണപ്പുറം ഫിനാൻസ്‌. കോഴിക്കോട് മാവൂർ റോഡിലുള്ള ബ്രാഞ്ചിനെതിരെ മൂന്ന് കുടുംബങ്ങൾ നടക്കാവ് പോലീസിൽ പരാതി നൽകി. മുൻ മാനേജരാണ് ഉത്തരവാദിയെന്നാണ് മണപ്പുറം ഫിനാൻസിന്റെ വിശദീകരണം. ഇയാളെ സർവീസിൽ നിന്നും പുറത്താക്കിയിട്ടുണ്ടെന്നും ബാങ്ക് വ്യക്തമാക്കി.

കോഴിക്കോട് പൂനൂർ സ്വദേശി റജുല 2020 മാർച്ചിൽ നാല് ലക്ഷത്തി മുപ്പത്തി ഒൻപതിനായിരം രൂപയാണ് വായ്പ്പ എടുത്തത്. തുടർന്ന് കുറച്ചു തുക തവണകളായി അടക്കുകയും പിന്നീട് ഒറ്റത്തവണ തീർപ്പാക്കലിന്റെ ഭാഗമായി 4,31,050 രൂപ അടക്കുകയും 21 ദിവസത്തിനകം ആധാരം തിരികെ നൽകാമെന്ന് മാനേജർ ജിൽത്ത്‌ പറയുകയും ചെയ്തു. എന്നാൽ മൂന്ന് മാസം കഴിഞ്ഞിട്ടും ആധാരം ലഭിച്ചില്ല.

അത്തോളി സ്വദേശി സുജീഷ് വീട് നിർമിക്കാനായി മൂന്ന് ലക്ഷം രൂപയാണ് വായ്‌പ്പാ എടുത്തത്. ഇതിൽ കുറച്ച തുക തവണകളായി അടക്കുകയും ബാക്കി 2.80 ലക്ഷം രൂപ ഒറ്റത്തവണയായി അടക്കുകയും ചെയ്തു. എന്നാൽ,1.35 രൂപയാണ് തിരിച്ചടച്ചതായും രേഖകളിൽ കാണിക്കുന്നത്.

കക്കയം സ്വദേശി നുസൈബയും സമാന കുരുക്കിൽപെട്ട് ആധാരം ലഭിച്ചിട്ടില്ല. വായ്പ്പ എടുത്ത മുഴുവൻ തുകയും ഇവർ നൽകിയതായി പിരിച്ചുവിട്ട മാനേജരും കാഷ്യറും എഴുതി നൽകിയ രേഖയും ഇവരുടെ കൈലുണ്ട്. എന്നിട്ടും ആധാരം തിരികെ നൽകിയിട്ടില്ല. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.