Kerala

അലൻ ഷുഹൈബ് റാഗ് ചെയ്തിട്ടില്ല; പരാതിക്കാരനാണ് തർക്കങ്ങൾക്ക് തുടക്കമിട്ടതെന്ന് റിപ്പോർട്ട്

കണ്ണൂർ പാലയാട് ക്യാമ്പസിലെ നിയമ വിദ്യാർഥി അലൻ ഷുഹൈബിനെതിരായ റാഗിംഗ് പരാതി തെറ്റെന്ന് അന്വേഷണ റിപ്പോർട്ട്. തർക്കങ്ങൾ കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന്റെ ഭാഗം. പരാതിക്കാരനാണ് തർക്കങ്ങൾക്കു തുടക്കമിട്ടതെന്ന് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമെന്നും ആന്റി റാഗിംഗ് കമ്മിറ്റി റിപ്പോർട്ട് പറയുന്നു. ഒന്നാംവർഷ വിദ്യാർത്ഥിയും എസ്എഫ്‌ഐ നേതാവുമായ അദിൻ സുബിയാണ് പരാതിക്കാരൻ.

യുഎപിഎ കേസിൽ ജാമ്യത്തിൽ കഴിയുന്ന അലൻ ഷുഹൈബിനെതിരായ റാഗിങ് പരാതിയിൽ എസ്എഫ്‌ഐക്ക് തിരിച്ചടി. പാലയാട് ക്യാംപസിലെ ഒന്നാം നിയമ വിദ്യാർഥിയും എസ്എഫ്‌ഐ പ്രവർത്തകനുമായ അദിൻ സുബിനെ, സീനിയർ വിദ്യാർഥിയായ അലൻ ഷുഹൈബിന്റെ നേതൃത്വത്തിലുള്ള സംഘം റാഗിങ്ങിന് ഇരയാക്കിയെനായിരുന്നു എസ്എഫ്‌ഐ ആരോപണം. മർദ്ദന പരാതിയിൽ അലൻ ഉൾപ്പെടെയുള്ള വിദ്യാർത്ഥികൾക്ക് എതിരെ ധർമ്മടം പോലീസ് കേസും എടുത്തിരുന്നു. പിന്നാലെയാണ് കോളേജിലെ ആന്റി റാഗിംഗ് കമ്മിറ്റി പരാതി പരിശോധിച്ചത്. പരാതിയിൽ ആരോപിക്കും പോലെ റാഗിംഗ് നടന്നിട്ടില്ലെന്ന് കണ്ടെത്തൽ.

തർക്കങ്ങൾ കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിന്റെ ഭാഗം. വാക്കേറ്റത്തിന് തുടക്കമിട്ടത് പരാതിക്കാരനായ അദിൻ സുബി. ലഭ്യമായ സിസിടിവി ദൃശ്യങ്ങളിൽ ഇക്കാര്യമുണ്ട്. വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പ് ഘട്ടത്തിൽ തുടങ്ങിയ തർക്കങ്ങൾ അനാരോഗ്യകരമായി തുടരുന്നത് ആശങ്കപ്പെടുത്തുന്നതെന്നും അന്വേഷണ റിപ്പോർട്ട് പറയുന്നു. യുഎപിഎ കേസിലെ തന്റെ ജാമ്യം റദ്ദാക്കാക്കാനുള്ള ഗൂഢ ലക്ഷ്യത്തോടെ എസ്എഫ്‌ഐ വ്യാജ പരാതി നൽകിയെന്നാണ് അലൻ ഷുഹൈബിന്റെ വാദം. എസ്എഫ്‌ഐയുടെ പരാതിക്ക് പിന്നാലെ അലന്റെ ജാമ്യം റദ്ദാക്കാനുള്ള നീക്കത്തിന് എൻഐഎ തുടക്കമിട്ടിരുന്നു.