പിങ്ക് പൊലീസിൻ്റെ പരസ്യവിചാരണ നേരിട്ട സംഭവത്തില്‍ ഹൈക്കോടതി വിധിച്ച നഷ്ടപരിഹാരത്തുകയുടെ ഒരു ഭാഗം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും ആദിവാസി കുട്ടികളുടെ വിദ്യാഭ്യാസത്തിനും നല്‍കുമെന്ന് കുട്ടിയുടെ അച്ഛൻ ജയചന്ദ്രൻ പറഞ്ഞു. സര്‍ക്കാര്‍ ഈ കേസില്‍ അപ്പീല്‍ പോകരുതെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അച്ഛൻ ജയചന്ദ്രൻ സംസാരിക്കുകയായിരുന്നു. ഇനിയെങ്കിലും മകളെ കരയിക്കരുതെന്ന് പറഞ്ഞ ജയചന്ദ്രൻ മാധ്യമങ്ങളോട് നന്ദിയും അറിയിച്ചു. പിങ്ക് പൊലീസിന്റെ പരസ്യവിചാരണക്ക് വിധേയയായ എട്ടുവയസുകാരിക്ക് ഒന്നര ലക്ഷം രൂപ നൽകണമെന്നാണ് ഹൈക്കോടതി ഉത്തരവ്.
പണത്തിന് വേണ്ടിയല്ല മകളുടെ നീതിക്കായാണ് പോരാടിയതെന്ന് ജയചന്ദ്രൻ വിശദീകരിച്ചു. എട്ടുവയസുകാരിക്ക് വേണ്ടിയുള്ള പോരാട്ടത്തിൽ സിംഗിൾ ബെഞ്ച് വിധിക്കെതിരെ സർക്കാർ അപ്പീൽ പോകില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.