India Kerala

മരടിൽ നഷ്ടപരിഹാരം 125 ഫ്ലാറ്റുടമകൾക്ക് മാത്രമെന്ന് സൂചന

മരട് ഫ്ലാറ്റ് നിർമാതാക്കൾക്കെതിരായ അന്വേഷണത്തിൽ മുൻ ഉദ്യോഗസ്ഥരെ ക്രൈം ബ്രാഞ്ച് ഇന്ന് ചോദ്യം ചെയ്യും. ഫ്ലാറ്റ് നിർമാണത്തിൽ വ്യാപകമായ നിയമലംഘനം നടന്നതായി ക്രൈം ബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. അതേ സമയം മരടിൽ നഷ്ടപരിഹാരം 125 ഫ്ലാറ്റുടമകൾക്ക് മാത്രമായി ചുരുങ്ങുമെന്നാണ് സൂചന.

മരടിലെ ഫ്ലാറ്റുകൾ കായലും ചതുപ്പും നികത്തിയാണ് നിർമ്മാണം നടത്തിയതെന്നത് ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ സ്ഥിരീകരിച്ചിരുന്നു. അനധികൃതമായി നടന്ന നിർമാണ പ്രവർത്തനങ്ങൾക്ക് ഉദ്യോഗസ്ഥരുടെ ഒത്താശയുണ്ടായിട്ടുണ്ടെന്നാണ് ക്രൈം ബ്രാഞ്ച് വിലയിരുത്തൽ. ഫ്ലാറ്റുകൾക്ക് അനുമതി നൽകിയ കാലത്തെ പഞ്ചായത്ത് സെക്രട്ടറിമാരായ അഷറഫ്, ആന്റണി പഞ്ചായത്ത് സെക്രട്ടറിയുടെ ചുമതല വഹിച്ച ജൂനിയർ സൂപ്രണ്ട് ജോസഫ് ക്ലാർക്ക് ജയറാം എന്നിവരോടാണ് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യാൻ ഹാജരാകാൻ ആവശ്യപ്പെട്ടത്. കൂടുതൽ രേഖകൾ ശേഖരിക്കാൻ വില്ലേജ് ഓഫീസ് രേഖകളും ക്രൈംബ്രാഞ്ച് വിളിച്ച് വരുത്തിയിട്ടുണ്ട്.

അതേസമയം മരടിൽ വിൽപ്പന നടന്ന 198 ഫ്ലാറ്റുകളിൽ 125 ഫ്ലാറ്റുടമകൾക്ക് മാത്രമാണ് നഷ്ടപരിഹാരത്തിന് അർഹതയുള്ളുവെന്നാണ് സൂചന. മറ്റുള്ളവർ ഉടമസ്ഥാവകാശ രേഖകൾ ഹാജരാക്കിയിട്ടില്ല. നഷ്ടപരിഹാരം നിശ്ചയിക്കാനായി സുപ്രിം കോടതി നിയോഗിച്ച ജസ്റ്റിസ് കെ.ബാലകൃഷ്ണൻ നായർ കമ്മിറ്റി ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കും. ഫ്ലാറ്റ് പൊളിക്കാനുള്ള കമ്പനികളെ തെരഞ്ഞെടുക്കാനുള്ള സർക്കാരിന്റെ സാങ്കേതിക ഉപദേഷ്ടാവ് ശരത് ബി.സർവ്വാതെ നാളെ കൊച്ചിയിലെത്തും. ഫ്ലാറ്റുകൾ പൊളിക്കാനുള്ള ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട രണ്ട് കമ്പനികളുമായി സർവ്വാതെ ഈ മാസം പതിനൊന്നിന് ചർച്ച നടത്തും. ഇതിനു ശേഷമാകും ഏതു കമ്പനികൾക്ക് കരാർ നൽകണം എന്ന കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാവുക.