India Kerala

ചികിത്സയില്‍ കഴിയുന്ന യുവാവിന്റെ സുഹൃത്തടക്കം നാല് പേര്‍ക്ക് പനി; യുവാവിന്റെ നില തൃപ്തികരം

നിപ ബാധിതനായി ചികിത്സയില്‍ കഴിയുന്ന യുവാവിന്റെ സുഹൃത്തടക്കം നാല് പേര്‍ക്ക് പനി ബാധിച്ചതായി ആരോഗ്യ മന്ത്രി. ഇവരില്‍ ഒരാളെ കളമശേരി മെഡിക്കല്‍ കോളജിലെ ഐസോലേഷന്‍ വാര്‍ഡില്‍ പ്രേവേശിപ്പിച്ചു. നിപ സ്ഥിരീകരിച്ചുവെന്ന് അറിയിക്കാന്‍ വിളിച്ച വാര്‍ത്താ സമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച ആറ് വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം കൊച്ചിയിലെത്തിയതായും മന്ത്രി അറിയിച്ചു.

നിപ വൈറസ് ബാധിച്ച യുവാവിനെ പരിചരിച്ച രണ്ട് നഴ്സുമാർക്ക് പനിയുണ്ട്. യുവാവുമായി അടുത്തിടപഴകിയ സുഹ്യത്തും കുടുംബാംഗവുമാണ് പനി ബാധിച്ച മറ്റുള്ളവര്‍. ഇവർക്ക് വൈറസ് ബാധയുണ്ടോ എന്ന് പരിശോധിക്കുകയാണ്. നിപ സ്ഥിരീകരിച്ച യുവാവിന്റെ നില തൃപ്തികരമാണെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. നിപ സ്ഥീരീകരിച്ച യുവാവിന് പനിയും അസ്വസ്ഥതയുമുണ്ട്. സ്വയം പ്രതിരോധിക്കാനുള്ള കഴിവ് ഇപ്പോഴുമുണ്ട്. രോഗിയുടെ ജീവൻ രക്ഷിക്കുന്നതിനാണ് പ്രഥമ പരിഗണന.

കേന്ദ്ര ആരോഗ്യ വകുപ്പിന്റെ പിന്തുണ ഉറപ്പാക്കിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. ആറംഗ കേന്ദ്ര സംഘം കൊച്ചിയിലെത്തിയിട്ടുണ്ട്. കലക്‌ട്രേറ്റിൽ പ്രവർത്തിക്കുന്ന കൺട്രോൾ റൂം കേന്ദ്രീകരിച്ചായിരിക്കും സംഘത്തിന്റെ പ്രവർത്തനമെന്നും മന്ത്രി അറിയിച്ചു.