അട്ടപ്പാടിയിലെ എച്ച്ആര്‍ഡിഎസിന്റെ ഹോമിയോ മരുന്ന് വിതരണത്തില്‍ നടപടിയുമായി ജില്ലാ ഭരണകൂടം. ഒറ്റപ്പാലം സബ്കളക്ടറുടെ റിപ്പോര്‍ട്ട് ലഭിച്ചാല്‍ ഉടന്‍ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ മൃണ്‍മയി ജോഷി പറഞ്ഞു.
പൊലീസിന്റെ അന്വേഷണ റിപ്പോര്‍ട്ടും ഉടന്‍ ലഭിക്കും. അനുമതിയില്ലാതെയാണ് മരുന്ന് വിതരണമെന്ന് അന്വേഷണത്തില്‍ വ്യക്തമായി. ആദിവാസികളില്‍ നിന്ന് ആധാര്‍ വിവരങ്ങള്‍ ശേഖരിച്ചത് ഗൗരവതരമെന്നും ജില്ലാ കളക്ടര്‍ വ്യക്തമാക്കി.
അട്ടപ്പാടി ആദിവാസി ഊരുകളില്‍ സന്നദ്ധ സംഘടനയുടെ മരുന്ന് വിതരണം സംബന്ധിച്ച വാര്‍ത്ത ട്വന്റിഫോറാണ് പുറത്തുവിട്ടത്. എച്ച്.ആര്‍.ഡി.എസ്. എന്ന സംഘടന ഹോമിയോ മരുന്ന് അനുമതിയില്ലാതെയാണ് വിതരണം ചെയ്തതെന്നായിരുന്നു ആരോപണം. ആദിവാസികളില്‍ നിന്ന് ആധാര്‍ കാര്‍ഡ് വിവരങ്ങള്‍ അടക്കം സംഘടന ശേഖരിച്ചിരുന്നു. അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്തും ഷോളയൂര്‍ ഗ്രാമപഞ്ചായത്തും വിഷയം ചൂണ്ടിക്കാട്ടി പരാതി നല്‍കിയിരുന്നു.