Kerala

ഓട്ടോമാറ്റിക് സ്പിന്നിങ് മെഷീൻ വഴി ഉത്പാദിപ്പിച്ച കയർ സംഭരിക്കാതെ കയർഫെഡ്

ഓട്ടോമാറ്റിക് സ്പിന്നിങ് മെഷീൻ വഴി ഉത്പാദിപ്പിച്ച കയർ സംഭരിക്കാതെ കയർഫെഡ്. ഒന്നാം എൽഡിഎഫ് സർക്കാരിന്റെ 100 ദിന കർമ പരിപാടിയിൽ ഉൾപ്പെടുത്തി ലക്ഷങ്ങൾ മുടക്കി സ്ഥാപിച്ച ഓട്ടോമാറ്റിക് സ്പിന്നിംഗ് മെഷീനുകൾ ഇതോടെ ഉപയോഗശൂന്യമായി നശിക്കുകയാണ്. ഒപ്പം തന്നെ മറ്റു കയറുകളും കെട്ടിക്കിടക്കുന്നതോടെ വലിയ പ്രതിസന്ധിയിലാണ് കയർ മേഖല.

കൊല്ലം ജില്ലയിൽ മാത്രം 74 കയർ സംഘങ്ങൾക്കായി 210 ഓളം ഓട്ടോമാറ്റിക് സ്പിന്നിങ് മെഷീനുകളും അനുബന്ധ ഉപകരണങ്ങളും അനുവദിച്ചിരുന്നു. കയർ മേഖലയെ യന്ത്രവൽക്കരിക്കുന്നതിന്റെ ഭാഗമായി നടത്തിയ പദ്ധതി പക്ഷേ എങ്ങുമെത്താതെ പ്രതിസന്ധിയിലാണ്. ഇതുവഴി ഉല്പാദിപ്പിച്ച കയർ സംഭരിക്കാൻ കയർഫെഡ് തയ്യാറായിട്ടില്ല. വിപണി കണ്ടെത്താൻ കൂടി സാധിക്കാത്തതോടെ ലക്ഷക്കണക്കിന് രൂപയുടെ കയറുകളാണ് കെട്ടിക്കിടക്കുന്നത്. ഇതിനോടൊപ്പം സാധാരണ കയറുകളും ഏറ്റെടുക്കാൻ ആളില്ലാതെ നശിക്കുകയാണ്.

ഇതോടെ സ്പിന്നിങ് മെഷീൻ പ്രവർത്തനം നിലച്ചു. 30 ദിവസത്തെ പരിശീലനം കിട്ടിയ തൊഴിലാളികൾ എന്തുചെയ്യണമെന്നറിയാതെ ആശങ്കയിലാണ്.

ഈ ഓണക്കാലത്ത് 32 കോടിയിലധികം രൂപ കയർമേഖലയിലേക്ക് വിതരണം ചെയ്തു എന്നാണ് സർക്കാർ അവകാശവാദം. എന്നാൽ പല തൊഴിലാളികൾക്കും ഇപ്പോഴും ബോണസ് പോലും ലഭിച്ചിട്ടില്ല.