Kerala

കൊച്ചിൻ ഷിപ്പ്‌യാർഡിൽ അഫ്ഗാൻ പൗരൻ അറസ്റ്റിലായ സംഭവം; ഗുരുതര സുരക്ഷാ വീഴ്ചയെന്ന് കേന്ദ്ര ഏജൻസികൾ

കൊച്ചിൻ ഷിപ്പ്‌യാർഡിൽ അഫ്ഗാൻ പൗരൻ അറസ്റ്റിലായ സംഭവത്തിൽ ഗുരുതര സുരക്ഷാ വീഴ്ചയെന്ന് കേന്ദ്ര ഏജൻസികൾ. ഈദ് ഗുൽ ഇന്ത്യയിലെത്തിയത് ഒരു രോഗിയുടെ സഹായിയെന്ന പേരിലാണെന്ന് അന്വേഷണ സംഘം കണ്ടെത്തി. എന്നാൽ രാഗിയെ സംബന്ധിച്ചോ, ഈ രോഗി നിലവിൽ എവിടെയെന്നോ വിവരമില്ല. ഇയാളെ ജോലിക്കെത്തിച്ച കരാറുകാരനെ ചോദ്യം ചെയ്യും.

ഈദ് ഗുൽ വിമാനവാഹിനിയിലും ജോലി ചെയ്തിട്ടുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തി. ഇത് ഗുരുതര സുരക്ഷാ വീഴ്ചയെന്ന് ഏജൻസികൾ ചൂണ്ടിക്കാട്ടി.

വിമാനവാഹിനിയുമായി ബന്ധപ്പെട്ടുണ്ടാകുന്നത് തുടർച്ചയായ പാളിച്ചകളാണ്. 2019ൽ നടന്ന മോഷണം, രാജ്‌നാഥ് സിംഗിന്റെ സന്ദർശനത്തിനിടയിലെ സുരക്ഷാ വീഴ്ച തുടങ്ങിയവ നേരത്തെയുണ്ടായി. കരാർ തൊഴിലാളികളുടെ പശ്ചാത്തലം അന്വേഷിക്കണമെന്ന നിർദ്ദേശം തഴയപ്പെട്ടുവെന്നും അധികൃതർ ചൂണ്ടിക്കാട്ടി.

അതേസമയം, അറസ്റ്റിലായ ഈദ് ഗുലിനെ പൊലീസ് ഇന്ന് കസ്റ്റഡിയിൽ ആവശ്യപ്പെടും. ചാരപ്രവർത്തനമടക്കം അന്വേഷണ പരിധിയിൽ വരുന്നുണ്ട്.

കൊച്ചിൻ ഷിപ്പ്‌യാർഡിൽ അസം സ്വദേശിയെന്ന പേരിൽ ആൾമാറാട്ടം നടത്തി കരാർ ജോലി ചെയ്തുവന്നിരുന്നയാൾ അറസ്റ്റിലാകുന്നത് ഇന്നലെയാണ്. അഫ്ഗാൻ സ്വദേശിയായ ഈദ് ഗുലാണ് പിടിയിലായത്. അസം സ്വദേശിയായ അബ്ബാസ് ഖാൻ എന്നയാളുടെ പേരിലുള്ള ഐഡി കാർഡ് ആണ് ഇയാളുടെ പക്കൽ ഉണ്ടായിരുന്നത്. സ്വകാര്യ ഏജൻസിയുടെ തൊഴിലാളിയായിരുന്ന ഇയാൾ ജോലി ചെയ്ത് മടങ്ങിയതിനു ശേഷമാണ് വിവരം പുറത്തറിഞ്ഞത്. ഒപ്പം ജോലി ചെയ്തിരുന്നവർ ഇയാൾ ആൾമാറാട്ടക്കാരനാണെന്നും അഫ്ഗാൻ സ്വദേശിയാണെന്നും വെളിപ്പെടുത്തി. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ കൊൽക്കത്തയിൽ വച്ച് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.