Kerala

കൊച്ചി കപ്പൽശാലയിൽ വ്യാജ രേഖ ചമച്ച് ജോലിചെയ്തതിന് അറസ്റ്റിലായ അഫ്ഗാൻ പൗരനെ കസ്റ്റഡിയിൽ വിട്ടു

കൊച്ചി കപ്പൽശാലയിൽ വ്യാജ രേഖ ചമച്ച് ജോലിചെയ്തതിന് അറസ്റ്റിലായ അഫ്ഗാൻ പൗരൻ ഈദ് ഗുല്ലിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. കൊച്ചിയിൽ ഇയാളുടെ ചോദ്യം ചെയ്യൽ ആരംഭിച്ചു. എൻഐഎ, ഐബി ഉദ്യോഗസ്ഥരും ചോദ്യം ചെയ്യൽ സംഘത്തിലുണ്ട്. ( cochin shipyard afgan custody ) രാജ്യത്തേക്ക് കടന്നതിലെ യഥാർത്ഥ വസ്തുത, വ്യാജ പൗരത്വ രേഖ ചമയ്ക്കൽ, കപ്പൽശാലയിലെ ജോലി എന്നിവയിൽ വിവരശേഖരണം നടത്തുകയാണ് അന്വേഷണ സംഘത്തിന്റെ ലക്ഷ്യം. ഐഎൻഎസ് വിക്രാന്തുമായി ബന്ധപ്പെട്ട് ഇടപെടൽ നടത്തിയോ എന്നതാണ് കേന്ദ്ര ഏജൻസികൾ അന്വേഷിക്കുക. കൂടുതൽ അഫ്ഗാൻ പൗരൻമാർ എത്തിയെന്ന വിവരം സംബന്ധിച്ചും ഏജൻസികൾ വ്യക്തത വരുത്തും.

കപ്പൽശാലയിൽ ജോലി ചെയ്തിരുന്ന ഈദ്ഗുല്ലിന്റെ 3 ബന്ധുക്കളെയും അന്വേഷണ സംഘം ചോദ്യം ചെയ്യും. ഇതിലൊരാളാണ് വ്യക്തിപരമായ പ്രശ്നം മൂലം ഈദ് ഗുല്ലിനെ ഒറ്റിയത്. തുടർന്ന് കൊൽക്കത്തയിലേക്ക് കടന്ന ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

കൊച്ചിൻ ഷിപ്പ്‌യാർഡിൽ അസം സ്വദേശിയെന്ന പേരിൽ ആൾമാറാട്ടം നടത്തി കരാർ ജോലി ചെയ്തുവന്നിരുന്നയാൾ അറസ്റ്റിലാകുന്നത് ഇന്നലെയാണ്. അഫ്ഗാൻ സ്വദേശിയായ ഈദ് ഗുലാണ് പിടിയിലായത്. അസം സ്വദേശിയായ അബ്ബാസ് ഖാൻ എന്നയാളുടെ പേരിലുള്ള ഐഡി കാർഡ് ആണ് ഇയാളുടെ പക്കൽ ഉണ്ടായിരുന്നത്. സ്വകാര്യ ഏജൻസിയുടെ തൊഴിലാളിയായിരുന്ന ഇയാൾ ജോലി ചെയ്ത് മടങ്ങിയതിനു ശേഷമാണ് വിവരം പുറത്തറിഞ്ഞത്. ഒപ്പം ജോലി ചെയ്തിരുന്നവർ ഇയാൾ ആൾമാറാട്ടക്കാരനാണെന്നും അഫ്ഗാൻ സ്വദേശിയാണെന്നും വെളിപ്പെടുത്തി. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ കൊൽക്കത്തയിൽ വച്ച് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.