Kerala

ആശങ്കകള്‍ക്ക് പരിഹാരം; ചെല്ലാനത്ത് തീരസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് നാളെ തുടക്കം

ചെല്ലാനത്തിന്റെ ആശങ്കകള്‍ക്ക് പരിഹാരമായി തീരസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് നാളെ തുടക്കമാകുമെന്ന് വ്യവസായ മന്ത്രി പി രാജീവ്. ടെട്രാപ്പോഡ് ഉപയോഗിച്ചുള്ള 344.2 കോടി രൂപയുടെ തീരസംരക്ഷണ പ്രവര്‍ത്തനങ്ങളാണ് നാളെ മുതല്‍ ആരംഭിക്കുക. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പദ്ധതി പ്രഖ്യാപനം നിര്‍വഹിക്കും.

കടലോര സംരക്ഷണത്തിനൊപ്പം ടൂറിസം സാധ്യതകള്‍ കൂടി പ്രയോജനപ്പെടുത്തുന്നതാണ് പദ്ധതിയെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം തീരപ്രദേശത്തെ ജനങ്ങളെ വലിയ തോതില്‍ ബാധിക്കുന്നുണ്ട്. കടലാക്രമണ രൂക്ഷത കൂടിവരുന്ന പ്രദേശമാണ് ചെല്ലാനം. ഇതിന് സ്ഥായിയായ പരിഹാരം വേണമെന്ന ചെല്ലാനം നിവാസികളുടെ ദീര്‍ഘകാലത്തെ ആവശ്യമാണ് ഇതോടെ നിറവേറ്റപ്പെടുക.

മെയ് 24ന് വ്യവസായ, ഫിഷറീസ്, ഇറിഗേഷന്‍, ട്രാന്‍സ്‌പോര്‍ട് മന്ത്രിമാര്‍ ചെല്ലാനം വിഷയം ചര്‍ച്ച ചെയ്യുന്നതിന് യോഗം ചേര്‍ന്നിരുന്നു. 2 കോടി രൂപ അന്ന് അനുവദിക്കുകയും ചെയ്തു. 16 കോടി രൂപയുടെ തീര സംരക്ഷണ-ടെട്രാപോഡ് പദ്ധതിയുടെ ടെണ്ടര്‍ നടപടി പൂര്‍ത്തീകരിക്കുന്നതിനും തീരുമാനിച്ചു.

ഇതേത്തുടര്‍ന്ന്, ചെല്ലാനത്ത് കടലാക്രമണമുണ്ടായ പ്രദേശങ്ങള്‍ മന്ത്രി പി രാദീവും ഫിഷറീസ് മന്ത്രി സജി ചെറിയാനും സന്ദര്‍ശിച്ചു. ഗസ്റ്റ് ഹൗസില്‍ ചേര്‍ന്ന വിപുലമായ യോഗത്തില്‍ തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട്. ഇതിന്റെ തുടര്‍ച്ചയായാണ് 344.2 കോടി രൂപയുടെ പദ്ധതി പ്രഖ്യാപനം.