Kerala

ലാപ്‌ടോപിന് അപേക്ഷിച്ച് ഒരു വര്‍ഷം; ഡിജിറ്റല്‍ പഠനത്തിന് സൗകര്യമില്ലാതെ ഇപ്പോഴും തീരമേഖലയിലെ കുട്ടികള്‍

മലയോരമേഖലകളിലും വനപ്രദേശങ്ങളിലുമുള്ള കുട്ടികള്‍ മാത്രമല്ല സംസ്ഥാനത്ത് ഡിജിറ്റല്‍ പഠന സൗകര്യങ്ങള്‍ക്ക് പുറത്തുള്ളത്. തീരദേശത്തെ വിദ്യാര്‍ത്ഥികളില്‍ നല്ലൊരു ശതമാനവും ഡിജിറ്റല്‍ ഡിവൈഡ് നേരിടുന്നുണ്ട്. വീടുകളില്‍ സ്വന്തമായി ടിവിയും സ്മാര്‍ട്ട് ഫോണുമില്ലാത്ത നിരവധി വിദ്യാര്‍ത്ഥികള്‍ പഠനത്തിന് ബുദ്ധിമുട്ടുകയാണ്. സര്‍ക്കാര്‍ പദ്ധതി പ്രകാരം ലാപ്‌ടോപിന് അപേക്ഷിച്ച് ഒരു വര്‍ഷം പിന്നിട്ടിട്ടും ഒരു തുടര്‍നീക്കവും ഉണ്ടായില്ല.

മന്ത്രി മണ്ഡലത്തിലുള്‍പ്പെട്ട തിരുവനന്തപുരം, ശംഖുമുഖം കണ്ണാന്തുറ തീരത്തെ സൂസിയെന്ന വീട്ടമ്മയുടെ വീട്ടില്‍ രണ്ട് മക്കളായ അലീഷയും, ആല്‍വിനും അവരുടെ കൂട്ടുകാരായ സോനയും സീനയുമാണ് പഠിക്കുന്നത്. അലീഷയും സോനയും പത്താം ക്ലാസ് വിദ്യാര്‍ത്ഥികളാണ്. ആല്‍വിനും സീനയും ഏഴിലും പഠിക്കുന്നു. രണ്ട് വീടുകളിലും വിക്ടേഴ്‌സ് ചാനല്‍ കാണാന്‍ ടിവിയില്ല. മൊബൈല്‍ ഫോണുമില്ല. സ്‌കൂളില്‍ നിന്ന് ഗൂഗിള്‍ മീറ്റ് വഴിയുള്ള ക്ലാസ് അറിയിക്കുന്ന വിവരം വരുന്നത് അയല്‍പക്കത്തെ ചേച്ചിയുടെ ഫോണിലാണ്. ചേച്ചി ജോലിക്ക് പോയാല്‍ അന്നത്തെ ക്ലാസും പോകും.

വിദ്യാഭ്യാസ മന്ത്രിയും മണ്ഡലത്തിലെ മന്ത്രിയുമടക്കം സംസ്ഥാന മന്ത്രിസഭയിലെ മൂന്ന് മന്ത്രിമാരുള്ള ജില്ലയിലെ കുട്ടികളുടെ വാക്കുകള്‍ ഇങ്ങനെ ‘വീട്ടില്‍ ടിവി, ഫോണ്‍ ഒന്നും ഇല്ല. ക്ലാസുകള്‍ അധികവും കിട്ടാറില്ല. പഠിക്കുന്നത് അതിനാല്‍ മനസിലാകുന്നില്ല. എല്ലാവര്‍ക്കും ഒരേ സമയത്ത് ക്ലാസ് ഉണ്ടായാലും മിക്കവര്‍ക്കും ക്ലാസ് നഷ്ടപ്പെടും. ലാപ്‌ടോപ്പിന് അപേക്ഷ കൊടുത്തിട്ട് ഒരു വര്‍ഷമായി. യാതൊരു നടപടിയുമുണ്ടായില്ല.’