Kerala

നാടാകെ നടന്ന് പത്രം ശേഖരിച്ച് യുവാക്കള്‍; പത്രം വിറ്റ് കിട്ടിയ തുക ദുരിതശ്വാസ നിധിയിലേക്ക്

തൃപ്പൂണിത്തുറ ബി.എസ്.ബി ആര്‍ട്സ് & സ്പോട്സ് ക്ലബിലെ യുവാക്കളാണ് നാടിന് മാതൃകയാകുന്നത്

കോവിഡ്19 വ്യാപനത്തിനെതിരെയുള്ള പോരാട്ടത്തിലാണ് നമ്മള്‍. പലവിധത്തിലാണ് ആളുകള്‍ കോവിഡ് വ്യപനന്നതിനെതിരെയുള്ള പോരാട്ടത്തില്‍ കണ്ണികളാകുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിരവധി പേര്‍ സംഭാവനകള്‍ നല്‍കുന്നു. ആടിനെ വിറ്റും, കയ്യിലെ വള ഊരി നല്‍കിയും, പെന്‍ഷന്‍ തുക കൈമാറിയും, മകളുടെ വിവാഹത്തിനായി മാറ്റിവെച്ച പണം സംഭവനം ചെയ്തും അങ്ങനെ ഒത്തിരി ഒത്തിരി പേര്‍. ഇവരില്‍ നിന്നൊക്കെ പ്രചോദനം ഉള്‍കൊണ്ടാണ് എറണാകുളം തൃപ്പൂണിത്തുറ ബി.എസ്.ബി ആർട്ട്സ്&സ്പോർട്ട്സ് ക്ലബിലെ ഒരു കൂട്ടം യുവാക്കള്‍ തങ്ങള്‍ക്കും ഒരു തുക ദുരിതാശ്വാസ നിധിയിലേക്ക് കൊടുക്കണം എന്ന് തീരുമാനിച്ചത്. പക്ഷേ കൂലിപണിചെയ്ത് ജീവിക്കുന്ന ഇവര്‍ ലോക്ക്ഡൌണിനെ തുടര്‍ന്ന് വീട്ടിലിരിപ്പാണ്. എങ്ങനെ പണം സമാഹരിക്കും എന്നായി ചിന്ത. ഒടുവില്‍ പാവക്കുളങ്ങര തെക്കുഭാഗത്തെ വീടുകളില്‍ ഒരു മൂലക്ക് കിടക്കുന്ന പത്രക്കെട്ടുകള്‍ ശേഘരിച്ച് വിറ്റാലോ എന്ന് തീരുമാനിച്ചു. ആവശ്യം നാട്ടുകാരെ അറിയിച്ചപ്പോള്‍ കട്ട സപ്പോര്‍ട്ട്.

രണ്ടേമുക്കാൽ ടൺ പേപ്പറുകളാണ് ദിവസങ്ങള്‍ക്കുള്ളില്‍ ക്ലബ് പ്രവര്‍ത്തകര്‍ ശേഖരിച്ചത്. ഇത് വിറ്റ് കിട്ടിയ 31001രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത്. തൃപ്പൂണിത്തുറ എം.എല്‍.എ എം.സ്വരാജ് നേരിട്ടെത്തി തുക സ്വീകരിച്ചു. തങ്ങളെ കൊണ്ടാവുന്നത് ചെയ്യാനായല്ലോ എന്ന സന്തോഷത്തിലാണ് ഈ യുവാക്കള്‍. നേരത്തെ ആദ്യഘട്ട ലോക്ക്ഡൊണ്‍ സമയത്ത് രാത്രിയില്‍ ലോറി ഡ്രൈവര്‍മാര്‍ക്ക് ഭക്ഷണപൊതി നല്‍കിയും ഇവര്‍ സജീവമായിരുന്നു. ലോക്ക്ഡൌണ്‍ കാലം വെറുതെ ഇരിക്കാനുള്ളതല്ല തങ്ങളാല്‍ കഴിയുന്നത് സമൂഹത്തിന് വേണ്ടി ചെയ്യുക എന്ന സന്ദേശം പകര്‍ന്നു നല്‍കുന്നു ബി.എസ്.ബി ആർട്ട്സ് & സ്പോർട്ട്സ് ക്ലബ് പ്രവര്‍ത്തകര്‍.