ബുറേവി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിലവിൽ സംസ്ഥാനത്ത് അതീവജാഗ്രത വേണമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ചുഴലിക്കാറ്റ് സ്ഥിതി വിലയിരുത്താൻ പ്രധാനമന്ത്രി സംസാരിച്ചിരുന്നു. സംസ്ഥാനം സ്വീകരിച്ച നടപടികൾ പ്രധാനമന്ത്രിയോട് വിശദീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. തീരദേശമേഖലയിൽ ശക്തമായ കടൽ ക്ഷോഭത്തിനും സാധ്യതയുണ്ടെന്ന് വിലയിരുത്തലുണ്ട്. മത്സ്യബന്ധനത്തിനു ശനിയാഴ്ച വരെ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. മലയോര മേഖലയിൽ മണ്ണിടിച്ചിലിനും ഉരുൾപ്പൊട്ടലിനും സാധ്യതയുണ്ട്. തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കിയുടെ ഒരു ഭാഗം മഴയും കാറ്റും അതി തീവ്ര മഴ കാരണം വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്നാണ് കണക്ക് കൂട്ടുന്നത്.
പത്തനംതിട്ട ജില്ലയിൽ കനത്ത കാറ്റും മഴയും ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. അതുകൊണ്ട് തന്നെ ചുഴലിക്കാറ്റ് കടന്ന് പോകും വരെ ശബരിമല പ്രവേശനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഡിസംബര്‍ മൂന്ന് മുതല്‍ അഞ്ച് വരെ അത്യാവശ്യ കാര്യങ്ങള്‍ക്കൊഴികെ പുറത്തിറങ്ങുന്നത് ഒഴിവാക്കണം. സ്കൂളുകളും കോളജുകളും ഇപ്പോള്‍ തന്നെ അവധിയിലാണ്. ജാഗ്രത പാലിച്ചുകൊണ്ട് തദ്ദേശസ്വംയഭരണ തെരഞ്ഞെടുപ്പിനാവശ്യമായ സജ്ജീകരണങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുന്നതാണ്.
പ്രകൃതിക്ഷോഭത്തിന്റെ ഘട്ടത്തില്‍ ആരോഗ്യ സംവിധാനങ്ങളും അവശ്യമായ മുന്‍കരുതലുകള്‍ എടുക്കേണ്ടത് അനിവാര്യമാണ്. പല സര്‍ക്കാര്‍ ആശുപത്രികളും കോവിഡ് ആശുപത്രികളായി പ്രവര്‍ത്തിക്കുന്ന ഈ ഘട്ടത്തില്‍, തൊട്ടടുത്തുള്ള മറ്റു ആരോഗ്യകേന്ദ്രങ്ങളുമായി കൈകോര്‍ത്തുകൊണ്ട് അവയുടെ സൗകര്യങ്ങളും കൂടെ ഉപയോഗിച്ചുകൊണ്ട് ഈ പ്രകൃതിക്ഷോഭത്തെ നേരിടാന്‍ സജ്ജമാവുകയാണെന്നും അദ്ദേഹം പറഞ്ഞു. അപകടങ്ങള്‍ രൂക്ഷമാകാന്‍ സാധ്യത കൂടുതലുള്ള, നേരത്തെ ദുരന്തമുണ്ടായ സ്ഥലങ്ങളിലും സമാന സാഹചര്യമുള്ള സ്ഥലങ്ങളിലും പ്രത്യേകമായ ശ്രദ്ധ ആരോഗ്യപ്രവര്‍ത്തകരുടെ ഭാഗത്തു നിന്നും ഉണ്ടാകേണ്ടതാണ്. അത്തരം സ്ഥലങ്ങള്‍ കണ്ടെത്താനും വേണ്ട ഒരുക്കങ്ങള്‍ നടത്താനും ആരോഗ്യസംവിധാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.