പൂർണ്ണ അഴിമതി വിമുക്ത സംസ്ഥാനമാക്കി മാറ്റുമെന്ന പ്രഖ്യാപനത്തോടെ മുഖ്യമന്ത്രി പിണറായി വിജയന്റെ പാലയിലെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം. ആര് അഴിമതി കാട്ടിയാലും കർശന നടപടി ഉണ്ടാവും. കിഫ്ബിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് നടത്തിയ ആരോപണങ്ങളെ മുഖ്യമന്ത്രി തള്ളി.
മൂന്നേകാൽ വർഷം മുമ്പ് മലയാളികൾ നിരാശയിലായിരുന്നുവെന്ന് പറഞ്ഞായിരുന്നു മുഖ്യമന്ത്രി തെരഞ്ഞെടുപ്പ് പ്രചരണം തുടങ്ങിയത്. തുടർന്ന് യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് കേരളം പിന്നോട്ട് പോയ കാർഷിക മേഖലയിലടക്കം ഈ സർക്കാർ വരുത്തിയ മാറ്റങ്ങൾ എണ്ണി പറഞ്ഞു. യു.ഡി.എഫിന്റെ കാലത്ത് അഴിമതിയുടെ ദുർഗന്ധമായിരുന്നു. അത് ഇനി സംസ്ഥാനത്ത് നടക്കില്ലെന്ന് കൂടി മുഖ്യമന്ത്രി പറഞ്ഞു.
പശ്ചാത്തല വികസന രംഗത്ത് കുതിച്ചു ചാട്ടത്തിന് കാരണമായ കിഫ്ബിയെ തകർക്കുകയാണ് യു.ഡി.എഫിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. അവസാനം കഴിഞ്ഞ തവണത്തെ കൈ തെറ്റ് ഇത്തവണ പാലാക്കാർക്ക് പറ്റരുതെന്ന ഓർമ്മപ്പെടുത്തൽ. എൽ.ഡി.എഫിന്റെ വികസനത്തിന് ഒപ്പം നിൽക്കാൻ മാണി സി. കാപ്പനെ വിജയിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.