പാലാ ഉപതെരഞ്ഞെടുപ്പ് പ്രചരണത്തിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് പാലായില്‍ എത്തും. മൂന്ന് ദിവസം മാണി സി. കാപ്പന് വേണ്ടി മുഖ്യമന്ത്രി പ്രചരണത്തിനിറങ്ങും. യു.ഡി.എഫ് സ്ഥനാർത്ഥി ജോസ് ടോമിനായി എ.കെ ആന്റണിയും ഇന്ന് എത്തുന്നുണ്ട്. പി.ജെ ജോസഫും യു.ഡി.എഫിന് വേണ്ടി ഇന്ന് പ്രചരണത്തിന് എത്തും.
പ്രചരണം അവസാനഘട്ടത്തിലേക്ക് കടന്നതോടെ അരയും തലയും മുറുക്കി പ്രചരണ രംഗത്ത് സജീവമായിരിക്കുകയാണ് മുന്നണികള്‍.ഏത് വിധേനയും മണ്ഡലം പിടിക്കുക എന്നതിലേക്ക് കാര്യങ്ങള്‍ എത്തിയതോടെയാണ് മുതിർന്ന നേതാക്കള്‍ തന്നെ കളത്തില്‍ ഇറങ്ങുന്നത്. എല്‍.ഡി.എഫ് സ്ഥനാർത്ഥി മാണി സി.കാപ്പന് വേണ്ടി മുഖ്യമന്ത്രി ഇന്ന് പാലയില്‍ പ്രചരണത്തിന് ഇറങ്ങും.
മേലുകാവില്‍ 10 മണിക്കാണ് ആദ്യ പ്രചരണം. നാളെയും മറ്റന്നാളും മുഖ്യമന്ത്രി മണ്ഡലത്തില്‍ ഉണ്ടാകും. ഒരു ദിവസം മൂന്ന് പരിപാടികളാണ് മുഖ്യമന്ത്രിക്കുള്ളത്. 20ന് വൈകിട്ട് പാലായില്‍ നടക്കുന്ന യോഗത്തോടെയാണ് മുഖ്യമന്ത്രിയുടെ പ്രചരണ പരിപാടികളുടെ സമാപനം.
ഇത് എല്‍.ഡി.എഫിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങളുടെ കലാശക്കൊട്ട് കൂടിയായി മാറും. യു.ഡി.എഫിന് വേണ്ടി എ.ഐ.സി.സി പ്രവര്‍ത്തക സമിതി അംഗം എ കെ ആന്റണിയും ഇന്ന് പാലായില്‍ എത്തുന്നുണ്ട്. പാലാ ടൌണില്‍ നടക്കുന്ന പൊതുപരിപാടിയോട് അനുബന്ധിച്ച് 2000 ത്തോളം പ്രവര്‍ത്തകര്‍ പങ്കെടുക്കുന്ന പ്രചരണറാലിയും യു.ഡി.എഫ് സംഘടിപ്പിച്ചിട്ടുണ്ട്. തർക്കം പരിഹരിച്ചതിന് ശേഷം ഇതുവരെ പ്രചരണത്തിന് ഇറങ്ങാതിരുന്ന പി.ജെ ജോസഫും ഈ യോഗത്തില്‍ പങ്കെടുക്കും.