India Kerala

മുഖ്യമന്ത്രി ഇന്ന് കാസര്‍കോട്ട്; കൊല്ലപ്പെട്ടവരുടെ വീട് സന്ദര്‍ശിക്കില്ല

കാസര്‍കോട് പെരിയ ഇരട്ടക്കൊലപാതകം സജീവ ചര്‍ച്ചയായിരിക്കെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് കാസര്‍കോട് എത്തും. പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീട് മുഖ്യമന്ത്രി സന്ദര്‍ശിക്കില്ല. സി.പി.എം ജില്ലാ നേതൃത്വത്തിന്റെ എതിര്‍പ്പിനെത്തുടര്‍ന്നാണ് മുഖ്യമന്ത്രിയാണ് പിന്മാറിയത് .

മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിനായി സി.പി.എം നേതൃത്വം സമീപിച്ചുവെന്ന വാര്‍ത്ത കാസര്‍കോട് ഡി.സി.സി നിഷേധിച്ചിരുന്നു. എന്നാല്‍ സന്ദര്‍ശിക്കുന്നതില്‍ വിരോധമില്ലെന്ന് കൃപേഷിന്റെ അച്ഛന്‍ കൃഷ്ണന്‍ അറിയിച്ചു. എന്നാല്‍ മുഖ്യമന്ത്രി വരുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും ഇതുമായി ബന്ധപ്പെട്ട് അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നും കൃഷ്ണന്‍ മീഡിയവണിനോട് പറഞ്ഞു.

സി.പി.എം കാസര്‍കോട് ജില്ലാ കമ്മിറ്റി ഓഫീസിന്റെ ശിലാസ്ഥാപനമടക്കം വിവിധ പരിപാടികളില്‍ മുഖ്യമന്ത്രി പങ്കെടുക്കുന്നുണ്ട്. അതിനിടെ കേസന്വേഷണത്തില്‍ പൊലീസ് അനാസ്ഥ കാണിക്കുന്നുവെന്ന് ആരോപിച്ച് യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഇന്ന് കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി ഓഫീസിലേക്ക് മാര്‍ച്ച് നടത്തും.