വയനാട്ടിലെയും മലപ്പുറത്തെയും ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിക്കാൻ മുഖ്യമന്ത്രി പുറപ്പെട്ടു. റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരൻ,റവന്യു സെക്രട്ടറി വി.വേണു, ഡി.ജി.പി ലോക് നാഥ് ബെഹ്റ, ആഭ്യന്തര സെക്രട്ടറി ബിശ്വനാഥ് സിൻഹ എന്നിവരാണ് മുഖ്യമന്ത്രിക്ക് ഒപ്പം ഉള്ളത്.
ഇന്ന് രാവിലെ വിമാന മാർഗം കരിപ്പൂരിലെത്തുന്ന മുഖ്യമന്ത്രി പിണറായി വിജയൻ അവിടെ നിന്നും ഹെലികോപ്റ്ററിൽ വയനാട്ടിലെത്തും. സുൽത്താൻ ബത്തേരിയിലെ ദുരിതാശ്വാസ ക്യാമ്പാണ് ആദ്യം സന്ദർശിക്കുക. പിന്നീട് റോഡ് മാർഗം ഉരുൾപൊട്ടൽ നാശം വിതച്ച മേപ്പാടിയിലും മുഖ്യമന്ത്രി സന്ദർശനം നടത്തും.ജില്ലയിലെ നാശനഷ്ടങ്ങൾ അവലോകനം ചെയ്യുന്നതിനായി ജനപ്രതിനിധികളുടെ യോഗവും മുഖ്യമന്തിയുടെ നേതൃത്വത്തിൽ ചേരുന്നുണ്ട്.
ഉച്ച തിരിഞ്ഞ് ഹെലികോപ്റ്ററിൽ മലപ്പുറത്തേക്ക് പോകുന്ന മുഖ്യമന്ത്രി നിലമ്പൂരിലെ ഭൂദാനത്ത് ദുരിതാശ്വാസ ക്യാമ്പിലുളളവരെ സന്ദർശിക്കും. ജനപ്രതിനിധികളുമായുളള കൂടിക്കാഴ്ചയും ഇവിടെ നടക്കും. മഴക്കെടുതി നേരിട്ട മേഖലകളിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി ജില്ലാ കലക്ടർമാരുമായി മുഖ്യമന്ത്രി ഇന്നലെ വീഡിയോ കോൺഫറൻസിംഗ് നടത്തി. ദുരിതാശ്വാസ ക്യാമ്പിലുളളവർക്ക് പ്രത്യേക ശ്രദ്ധ നൽകണമെന്ന് മുഖ്യമന്ത്രി കലക്ടർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്.