സംസ്‌ഥാനത്തെ എയ്ഡഡ് വിദ്യാഭ്യാസ സ്‌ഥാപനങ്ങൾ പ്രതീക്ഷിത വളർച്ച കൈവരിച്ചില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വന്ന മാറ്റം എയ്ഡഡ് മേഖലക്ക് ഉണ്ടായില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. തൃശൂർ ചെമ്പൂച്ചിറ സ്കൂളിൽ പ്രവേശനോത്സവത്തിന്റെ സംസ്‌ഥാന തല ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
വർണാഭമായ ആഘോഷങ്ങളോടെയായിരുന്നു ഉദ്ഘാടനം. 9.30 ഓടെ മുഖ്യമന്ത്രി എത്തി. ഓലത്തൊപ്പി അണിയിച്ചു കുരുന്നുകളെ അക്ഷരലോകത്തേക്കു ക്ഷണിച്ചു മുഖ്യമന്ത്രി. അടുത്ത അധ്യയന വര്‍ഷം മുതൽ ഒന്ന് മുതൽ ബിരുദാനന്തര ബിരുദം വരെ ഒരേ ദിവസം ക്ലാസ് തുടങ്ങുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സർക്കാർ വിദ്യാലയങ്ങൾക്ക് നൽകുന്ന പിന്തുണ എയ്ഡഡ് വിദ്യാലയങ്ങൾക്കും പൊതുസമൂഹം നൽകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഈ വര്‍ഷം മുതൽ വിദ്യാർഥികൾക്കു നീന്തലിൽ പരിശീലനം നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് പറഞ്ഞു. ഇതിനായി എല്ലാ നിയോജക മണ്ഡലങ്ങളിലും ഓരോ സ്വിമ്മിങ് പൂളുകൾ നിർമ്മിക്കുമെന്നും മന്ത്രി പറഞ്ഞു. മന്ത്രി വി.എസ് സുനിൽ കുമാർ, എം.എൽ.എമാർ, ജില്ലാ കലക്ടർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു യു.ഡി.എഫ് പ്രതിനിധികൾ ആരും തന്നെ ഉദ്ഘാടന ചടങ്ങിന് എത്തിയില്ല.