Kerala

ചർച്ച നടത്താമെന്ന് മുഖ്യമന്ത്രി; വ്യാപാരി സമരം മാറ്റിവച്ചു

നാളെമുതൽ കടകൾ തുറന്നുപ്രവർത്തിക്കാനുള്ള തീരുമാനത്തിൽനിന്ന് താൽക്കാലികമായി പിന്മാറി വ്യാപാരി വ്യവസായി ഏകോപന സമിതി. ചർച്ച നടത്താമെന്ന് മുഖ്യമന്ത്രി നേരിട്ട് അറിയിച്ചതിനെ തുടർന്നാണ് സമിതി പ്രഖ്യാപിച്ച സമരം മാറ്റിവച്ചത്. വിഷയത്തിൽ ചർച്ച നടത്താമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യാപാരി വ്യവസായ ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി നസറുദ്ദീനെ നേരിട്ട് വിളിച്ചറിയിക്കുകയായിരുന്നു. വെള്ളിയാഴ്ച ചർച്ച നടത്താമെന്നാണ് മുഖ്യമന്ത്രി അറിയിച്ചിട്ടുള്ളത്. ഈയൊരു സാഹചര്യത്തിൽ ചർച്ച നടക്കുന്നതുവരെ സമരത്തിൽനിന്ന് പിന്മാറാണ് സമിതിയുടെ തീരുമാനം.

എല്ലാ ദിവസവും കടകൾ തുറക്കണമെന്ന ആവശ്യമുന്നയിച്ച് സമരത്തിലായിരുന്നു വ്യവാരി വ്യവസായി ഏകോപന സമിതി. നാളെ മുതൽ സംസ്ഥാനത്തുടനീളം കടകൾ തുറന്നുപ്രവർത്തിക്കാനുള്ള തീരുമാനമായിരുന്നു സമിതി നേരത്തെ എടുത്തിരുന്നത്. എന്നാൽ, ഇത്തരം സമരപരിപാടികളുമായി മുന്നോട്ടുപോയാൽ ശക്തമായി നേരിടുമെന്ന മുന്നറിയിപ്പ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി നൽകിയിരുന്നു. ഇതിനുപുറമെ ഇന്ന് കോഴിക്കോട്ട് ഉൾപ്പെടെ സർക്കാർ അധികൃതരുമായി ചർച്ച നടത്തിയെങ്കിലും വ്യാപാരികളുടെ ആവശ്യം അംഗീകരിച്ചിരുന്നില്ല. ഇതേതുടർന്ന് സമരവുമായി മുന്നോട്ടുപോകാൻ തന്നെയായിരുന്നു വ്യാപാരി സംഘടനയുടെ തീരുമാനം.

ആദ്യമായാണ് സർക്കാർ ഈ വിഷയത്തിൽ വ്യാപാരികളുമായി ചർച്ചയ്ക്ക് തയാറാകുന്നത്. മന്ത്രി എകെ ശശീന്ദ്രനും കോഴിക്കോട് കലക്ടറും വിളിച്ചുചേർത്ത ചർച്ച മാത്രമാണ് ഇതുവരെ വ്യാപാരികളുമായി ഔദ്യോഗികതലത്തിൽ നടന്നിട്ടുള്ളത്. എന്നാൽ, മുഖ്യമന്ത്രി തന്നെ നേരിട്ട് ചർച്ചയ്ക്ക് സന്നദ്ധത അറിയിച്ചിരിക്കുകയാണ്.

ഈയൊരു സാഹചര്യത്തിലാണ് സമരം താൽക്കാലികമായി മാറ്റിവച്ചത്. വെള്ളിയാഴ്ചത്തെ യോഗത്തിൽ അനുകൂലമായ സമീപനമുണ്ടായില്ലെങ്കിൽ സമരവുമായി മുന്നോട്ടുപോകാമെന്ന നിലപാടിലെത്തിയിരിക്കുകയാണ് സമിതി. കഴിഞ്ഞ ദിസവം കോഴിക്കോട് മിഠായിത്തെരുവിൽ കടകൾ തുറക്കാൻ വ്യാപാരികൾ ശ്രമിച്ചത് വലിയ തോതിൽ സംഘർഷത്തിൽ കലാശിച്ചിരുന്നു.

ഇതിന്റെ തുടർച്ചയായി സംസ്ഥാനത്തുടനീളം കടകൾ തുറക്കാനായിരുന്നു നീക്കം. എന്നാൽ, ഇത് കൂടുതൽ സംഘർഷത്തിലേക്കു നീങ്ങും. വ്യാപാരികളും പൊലീസും തമ്മിലുള്ള ഏറ്റുമുട്ടലിലേക്ക് മാറുമെന്നും വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലായിരിക്കണം സർക്കാർ ചർച്ചയ്ക്ക് സന്നദ്ധത അറിയിച്ചതെന്നാണ് കരുതപ്പെടുന്നത്. സിപിഎം അനുകൂല സംഘടനയായ വ്യാപാരി വ്യവസായ സമിതി തന്നെ കടകൾ തുറക്കണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു.

പ്രത്യക്ഷ സമരവുമായി രംഗത്തില്ലെങ്കിലും വ്യാപാരികളുടെ ആവശ്യത്തെ അവർ പിന്തുണച്ചിട്ടുണ്ട്. ഇക്കാര്യം സർക്കാർ ഗൗരവത്തിൽ ചർച്ച ചെയ്യണമെന്ന് മുൻ എംഎൽഎയും വ്യവാരി സമിതി നേതാവുമായ വികെസി മമ്മദ് കോയ അടക്കമുള്ളവർ ആവശ്യപ്പെട്ടു. സിപിഎം എംപി എ ആരിഫും സമാനമായ നിലപാടുമായി രംഗത്തെത്തിയിരുന്നു. ഇത്തരത്തിൽ പലകോണുകളിൽനിന്നും പ്രതിഷേധമുയർന്നതിനെ തുടർന്നാണ് സർക്കാർ ചർച്ചയ്ക്ക് നിർബന്ധിതരായത്.