Kerala

മുഖ്യമന്ത്രി മാധ്യമ, പൊലീസ് ഉപദേഷ്ടാക്കളുടെ സേവനം അവസാനിപ്പിക്കുന്നു

മുഖ്യമന്ത്രിയുടെ ഉപദേശകരുടെ സേവനം അവസാനിപ്പിക്കുന്നു. പൊലീസ് ഉപദേഷ്ടാവ് രമൺ ശ്രീവാസ്തവ, മാധ്യമ ഉപദേഷ്ടാവ് ജോൺ ബ്രിട്ടാസ് എന്നിവരുടെ സേവനമാണ് അവസാനിപ്പിക്കുന്നത്. 2021 മാര്‍ച്ച് 1 മുതല്‍ സേവനം അവസാനിപ്പിച്ചാണ് ഉത്തരവിറക്കിയത്. സര്‍ക്കാരിന്‍റെ കാലാവധി തീരാനിരിക്കെയാണ് സേവനം അവസാനിപ്പിച്ചത്.

ജോണ്‍ ബ്രിട്ടാസിന് പ്രിന്‍സിപ്പല്‍ സെക്രട്ടറി പദവിയായിരുന്നു. രമണ്‍ ശ്രീവാസ്തവയ്ക്കാകട്ടെ ചീഫ് സെക്രട്ടറി പദവിയും. 2016 ജൂണിലായിരുന്നു ബ്രിട്ടാസിന്‍റെ നിയമനം. രമണ്‍ ശ്രീവാസ്തവയുടേത് 2017 ഏപ്രിലിലും. രണ്ടും വേതനമില്ലാത്ത നിയമനങ്ങളായിരുന്നു. പൊതുഭരണ വകുപ്പാണ് ഇരുവരുടെയും സേവനം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് ഉത്തരവിറക്കിയത്. മറ്റ് ഉപദേശകരുടെ കാര്യം ഉത്തരവില്‍ പരാമര്‍ശിച്ചിട്ടില്ല.

ശാസ്ത്ര ഉപദേഷ്ടാവ് എം ചന്ദ്രദത്തന്‍, നിയമ ഉപദേഷ്ടാവ് എ കെ ജയകുമാര്‍, പ്രസ് അഡ്വൈസര്‍ പ്രഭാവര്‍മ എന്നിവരുടെ സേവനം അവസാനിപ്പിച്ചിട്ടില്ല. ഇതില്‍ എം സി ദത്തനും പ്രതിഫലം കൂടാതെയാണ് ജോലി ചെയ്യുന്നത്. വരും ദിവസങ്ങളില്‍ ഇവരുടെ സേവനവും അവസാനിപ്പിച്ച് ഉത്തരവിറങ്ങുമെന്നാണ് സൂചന.