India Kerala

13 ദിവസത്തെ സന്ദര്‍ശനത്തിനായി മുഖ്യമന്ത്രി യൂറോപ്പിലേക്ക്

13 ദിവസത്തെ സന്ദര്‍ശനത്തിനായി മുഖ്യമന്ത്രി ബുധനാഴ്ച യൂറോപ്പിലേക്ക് തിരിക്കും. ജനീവയില്‍ നടക്കുന്ന ലോക പുനര്‍നിര്‍മ്മാണ സമ്മേളനത്തില്‍ മുഖ്യപ്രാസംഗികനായി മുഖ്യമന്ത്രി പങ്കെടുക്കും. ലണ്ടനില്‍ കിഫ്ബിയുടെ മസാല ബോണ്ട് ലിസ്റ്റ് ചെയ്യുന്ന ചടങ്ങില്‍ മുഖ്യാതിഥിയാണ് പിണറായി വിജയന്‍. ചീഫ് സെക്രട്ടറി അടക്കമുള്ള ഉദ്യോഗസ്ഥ സംഘവും മുഖ്യമന്ത്രിക്കൊപ്പമുണ്ടാകും.

മെയ് 9ന് നെതര്‍ലാന്‍സിലെ പരിപാടികളോടെയാണ് മുഖ്യമന്ത്രിയുടെ യൂറോപ്യന്‍ സന്ദര്‍ശനത്തിന് തുടക്കമാകുന്നത്. നെതര്‍ലാന്‍സിലെ ഐ.ടി മേഖലയിലെ കൂട്ടായ്മയായ ടി.എന്‍.ഒ വിന്‍റെ പ്രതിനിധികളുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തും. പ്രളയ ദുരന്തം നേരിടുന്നതിന് നെതര്‍ലാന്‍സ് നടപ്പാക്കിയ “റൂം ഫോര്‍ റിവര്‍” പദ്ധതി പ്രദേശം മുഖ്യമന്ത്രി സന്ദര്‍ശിക്കും. മെയ് 10ന് നെതര്‍ലാന്‍സ് ജലവിഭവ – അടിസ്ഥാന സൗകര്യ വികസന മന്ത്രി കോറ വാനുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തും. വിദ്യാഭ്യാസം, പ്രാദേശിക വികസനം തുടങ്ങിയ മേഖലകളിലെ സഹകരണവും ചര്‍ച്ച ചെയ്യും.

മെയ് 13ന് ജനീവയില്‍ നടക്കുന്ന പുനര്‍നിര്‍മാണ സമ്മേളനത്തില്‍ മുഖ്യ പ്രാസംഗികരില്‍ ഒരാളാണ് മുഖ്യമന്ത്രി. പ്രസിദ്ധ അമേരിക്കന്‍ ധനതത്വ ശാസ്ത്രജ്ഞനും നൊബേല്‍ സമ്മാന ജേതാവുമായ ജോസഫ് സ്റ്റിഗ് ലിറ്റ്സ് ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ഈ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. മെയ് 14ന് സ്വിറ്റ്സര്‍ലന്‍റിലെ ധനകാര്യം, വിദ്യാഭ്യാസം, ടൂറിസം മേഖലകളുടെ ചുമതല വഹിക്കുന്നവരുമായി മുഖ്യമന്ത്രി സംസാരിക്കും.

മെയ് 17ന് ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ കിഫ്ബിയുടെ മസാല ബോണ്ട് ലിസ്റ്റ് ചെയ്യുന്ന ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്നതാണ് മറ്റൊരു പ്രധാനപ്പെട്ട പരിപാടി. ലണ്ടനിലെ പരിപാടികളില്‍ ധനമന്ത്രി ഡോ. തോമസ് ഐസക്, കിഫ്ബി ചീഫ് എക്സിക്യൂട്ടീവ് ഡോ. കെ.എം. എബ്രഹാം, വ്യവസായ സെക്രട്ടറി ഡോ. ഇളങ്കോവന്‍ എന്നിവരും പങ്കെടുക്കും. ചീഫ് സെക്രട്ടറി ടോം ജോസ്, അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത തുടങ്ങിയ ഉദ്യോഗസ്ഥസംഘം യുറോപ്യന്‍ സന്ദര്‍ശനത്തില്‍ മുഖ്യമന്ത്രിയെ അനുഗമിക്കുന്നുണ്ട്. മെയ് 20നാണ് മുഖ്യമന്ത്രി തിരിച്ചെത്തുന്നത്.