പൗരത്വ രജിസ്റ്ററില്‍ നിന്ന് പുറത്താകുന്നവരെ താമസിപ്പിക്കാന്‍ നിര്‍മിക്കുന്ന തടങ്കല്‍ കേന്ദ്രം സംബന്ധിച്ച സര്‍ക്കാര്‍ നിലപാടില്‍ അവ്യക്തത. തടങ്കല്‍ കേന്ദ്രത്തിനുള്ള നടപടികള്‍ പുരോഗമിക്കുന്നതായി സാമൂഹ്യക്ഷേമ വകുപ്പ് വിവരാവകാശ അപേക്ഷക്ക് മറുപടി നല്കി. തടങ്കല്‍ കേന്ദ്രം തുടങ്ങണമെന്ന കേന്ദ്ര നിര്‍ദേശത്തോട് എന്ത് മറുപടിയാണ് സര്‍ക്കാര്‍ നല്‍കിയതെന്ന ചോദ്യത്തില്‍ നിന്ന് നിയമസഭയില്‍ നിന്ന് മുഖ്യമന്ത്രി ഒഴിഞ്ഞു മാറി.
അനധികൃത കുടിയേറ്റക്കാരെയും വിദേശികളെയും താമസിക്കുന്നതായി തടങ്കല്‍ കേന്ദ്രങ്ങള്‍ നടപ്പാക്കണമെന്ന പുതിയ നിര്‍ദേശം കേന്ദ്ര ആഭ്യന്തര വകുപ്പ് നല്കുന്ന 2019 ജനുവരി 9നാണ്. ഇതിന്റെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ അന്വേഷിച്ചാണ് കെ.എം ഷാജി വിവരാവകാശ നിയമ പ്രകാരം അപേക്ഷ നല്‍കിയത്. സാമൂഹിക ക്ഷേമ വകുപ്പില്‍ നടപടികള്‍ സ്വീകരിച്ചുവരുന്നു എന്ന മറുപടിയാണ് ഷാജിക്ക് ആഭ്യന്തര വകുപ്പില്‍ നിന്ന് ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കെ.എം ഷാജി വിഷയം ഇന്നലെ നിയമസഭയില്‍ ഉന്നയിച്ചത്.
മുഖ്യമന്ത്രിയുടെ മറുപടി ഇങ്ങനെ- “ഞാനിവിടെ പല തവണ വ്യക്തമാക്കിയിട്ടുണ്ട്. സെന്‍സസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ആലോചിക്കാന്‍ ചേര്‍ന്ന യോഗത്തില്‍ കേരളത്തിന്റെ അഭിപ്രായം പറഞ്ഞിട്ടുണ്ട്. നിങ്ങളുടെ നിലപാട് ഞങ്ങള്‍ക്ക് അറിയാം എന്ന മറുപടിയും ലഭിച്ചിട്ടുണ്ട്”.
മുഖ്യമന്ത്രിയുടെ ഒഴിഞ്ഞുമാറല്‍ നല്ല സൂചനയല്ലെന്നാണ് കെ.എം ഷാജി പറയുന്നത്. കൃത്യമായി മറുപടി പറയേണ്ടതിന് പകരം മുഖ്യമന്ത്രി ഒഴിഞ്ഞുമാറുകയാണെന്ന് കെ.എം ഷാജി ആരോപിച്ചു. സംസ്ഥാനത്ത് തടങ്കല്‍ കേന്ദ്രം തുടങ്ങില്ലെന്ന് മുഖ്യമന്ത്രി ആവര്‍ത്തിക്കുമ്പോഴും കേന്ദ്ര നിര്‍ദേശത്തിന്റെ തുടര്‍നടപടികള്‍ ഭരണ തലത്തില്‍ നടക്കുന്നുവെന്ന സൂചയാണ് സര്‍ക്കാര്‍ വിശദീകരണത്തിലൂടെ വ്യക്തമാകുന്നത്.