India Kerala

ലോകായുക്ത ഓര്‍ഡിനന്‍സില്‍ രാഷ്ട്രീയ ചര്‍ച്ചയ്ക്ക് അവസരം ലഭിച്ചില്ലെന്ന പരാതി: സിപിഐ മന്ത്രിമാര്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി

ലോകായുക്ത ഭേദഗതി വിഷയത്തില്‍ മന്ത്രിസഭാ യോഗത്തില്‍ എതിര്‍പ്പറിയിച്ച സിപിഐ മന്ത്രിമാര്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി. പഠിക്കാന്‍ സമയം വേണമെന്ന് സിപിഐ ആവശ്യപ്പെട്ടപ്പോള്‍ ഭേദഗതിക്കായുള്ള നീക്കം ഒരു തവണ മാറ്റിവെച്ചതാണെന്നാണ് മുഖ്യമന്ത്രി മറുപടി പറഞ്ഞത്. പിന്നീട് വിഷയം പരിഗണനയ്ക്ക് വന്നപ്പോള്‍ സിപിഐ വിശദമായി പഠിച്ചിട്ടുണ്ടാകുമെന്നാണ് കരുതിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

വിഷയം രണ്ടാമത് ചര്‍ച്ചയ്‌ക്കെത്തിയപ്പോള്‍ സിപിഐ എതിര്‍പ്പറിയിച്ചിരുന്നില്ലെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. എതിര്‍പ്പ് അറിയിക്കാതിരുന്നതിനാല്‍ ഭേദഗതിയോട് സിപിഐ യോജിക്കുന്നുവെന്നാണ് കരുതിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. ലോകായുക്ത ഭേദഗതി ഓര്‍ഡിനന്‍സില്‍ രാഷ്ട്രീയ ചര്‍ച്ചയ്ക്ക് അവസരം ലഭിച്ചില്ലെന്ന സിപിഐ മന്ത്രിമാരുടെ പരാതിക്കാണ് മുഖ്യമന്ത്രി മറുപടി പറഞ്ഞത്.

നിയമഭേദഗതി ഭരണഘടനാ വിരുദ്ധമാണെന്ന നിലപാടാണ് സിപിഐ മന്ത്രിമാര്‍ അറിയിച്ചത്. ഓര്‍ഡിനന്‍സ് കൊണ്ടുവന്നത് ശരിയല്ലെന്നും യോഗത്തില്‍ സിപിഐ മന്ത്രിമാര്‍ വിമര്‍ശിച്ചു. മുന്നറിയിപ്പില്ലാതെയാണ് ഭേദഗതി ഓര്‍ഡിനന്‍സ് കൊണ്ടുവന്നതെന്ന സിപിഐ നിലപാടാണ് മന്ത്രിമാര്‍ യോഗത്തില്‍ ആവര്‍ത്തിച്ചത്. വേഗത്തില്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്നതിനാല്‍ ഭേദഗതിയെക്കുറിച്ച് പഠിക്കാന്‍ അവസരമുണ്ടായില്ലെന്ന് മന്ത്രിമാര്‍ പരാതിപ്പെട്ടു. പ്രധാനപ്പെട്ട നിയമഭേദഗതി കൊണ്ടു വന്നപ്പോള്‍ പാര്‍ട്ടി നേതൃത്വവുമായി ചര്‍ച്ച ചെയ്യാത്തതില്‍ സിപിഐ മുന്‍പ് തന്നെ കടുത്ത നീരസം പ്രകടിപ്പിച്ചിരുന്നു.

ലോകായുക്ത നിയമത്തിലെ 14ാം വകുപ്പിലെ ഭേദഗതിക്കാണ് ഗവര്‍ണര്‍ അംഗീകാരം നല്‍കിയത്. ഇതോടെ പൊതുപ്രവര്‍ത്തകര്‍ക്കെതിരായ ലോകായുക്ത വിധി ഇനി സര്‍ക്കാരിന് തളളാം. ഇതോടെ ഓര്‍ഡിനന്‍സ് നിലവില്‍ വന്നു. ഭരണകക്ഷിയില്‍ ഉള്‍പ്പെട്ട സിപിഐയുടേയും പ്രതിപക്ഷത്തിന്റേയും ബിജെപിയുടേയും എതിര്‍ വാദങ്ങളേയും ഒപ്പിടരുതെന്ന ആവശ്യത്തേയും തള്ളിയാണ് ഗവര്‍ണറുടെ തീരുമാനം .ഇത് സര്‍ക്കാരിന് വലിയ ആശ്വാസം നല്‍കുന്ന നടപടി ആണ്. എങ്കിലും ഭേദഗതിക്കെതിരെ പ്രതിപക്ഷം ശക്തമായ വിമര്‍ശനങ്ങള്‍ ഉയര്‍ത്തിക്കൊണ്ട് ഇപ്പോഴും രംഗത്തുണ്ട്.