തലശേരിയിലെ സിപിഐഎം പ്രവർത്തകൻ ഹരിദാസന്റെ കൊലപാതകത്തെ ശക്തമായി അപലപിക്കുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ പൊലീസിന് നിർദേശം നൽകി. സമാധാന അന്തരീക്ഷം തകർക്കാൻ നടത്തിയ ആസൂത്രിത സംഭവമാണ്. നാട്ടിൽ കലാപമുണ്ടാക്കാനുള്ള ഇത്തരം ശ്രമങ്ങളെ ചെറുത്ത് തോൽപ്പിക്കണം.പ്രകോപനത്തിൽ വീഴാതെ പ്രദേശത്തെ സമാധാന അന്തരീക്ഷം നിലനിർത്തണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.
അതേസമയം സിപിഐഎം പ്രവർത്തകൻ ഹരിദാസന്റെ മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര തലശേരിയിലെത്തി. ഏരിയാ കമ്മിറ്റി ഓഫിസിലെ പൊതു ദർശനത്തിന് ശേഷം പുന്നോലിലെ വീട്ടിലേക്ക് കൊണ്ടുപോകും. വിലാപയാത്ര ഏകദേശം പതിനാലോളം കേന്ദ്രങ്ങളിൽ പ്രവർത്തകർക്ക് അന്തിമോപചാരം അർപ്പിക്കാൻ അവസരം നൽകും. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ പ്രവർത്തകർ വിവിധ കേന്ദ്രങ്ങളിൽ എത്തിയിട്ടുണ്ട്. അഞ്ച് മണിയോടെയാവും സംസ്കാരച്ചടങ്ങുകൾ നടക്കുക.