India Kerala

‘വനത്തിലൂടെ പോകുന്ന നദി അവരുടേതാണെന്ന തെറ്റിദ്ധാരണയാകാം’: വനം വകുപ്പിനെ പരിഹസിച്ച് മുഖ്യമന്ത്രി

പമ്പയിലെ മണലെടുപ്പില്‍ വനം വകുപ്പിനെ തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. ദുരന്ത നിവാരണ നിയമ പ്രകാരം ഉള്ള പ്രവൃത്തി തടയാൻ വനം വകുപ്പിന് ആകില്ല. വനത്തിലൂടെ പോകുന്ന നദി അവരുടേതാണെന്ന് വനം വകുപ്പിന് ചില തെറ്റിദ്ധാരണകൾ ഉണ്ടായതാകാമെന്നും മുഖ്യമന്ത്രി പരിഹസിച്ചു. വനം വകുപ്പിനെതിരായ മുഖ്യമന്ത്രിയുടെ പരാമര്‍ശം വരും ദിവസങ്ങളില്‍ മുന്നണിക്കുള്ളിലെ തര്‍ക്കമായി ഉയര്‍ന്ന് വരാനും സാധ്യതയുണ്ട്.

പമ്പയിലെ മണലെടുപ്പ് നിര്‍ത്തിവെച്ച വനം വകുപ്പ് സെക്രട്ടറി ആശാ തോമസിന്‍റെ ഉത്തരവിനെതിരായ അതൃപ്തി മുഖ്യമന്ത്രിയുടെ വാക്കുകളില്‍ പ്രകടമായിരുന്നു. അന്നത്തെ ചീഫ് സെക്രട്ടറി ടോം ജോസും ആ സമയത്തെ ആഭ്യന്തര സെക്രട്ടറി വിശ്വാസ് മേത്തയും സംസ്ഥാന പൊലീസ് മേധാവിയും സ്ഥലം സന്ദർശിച്ചതില്‍ തെറ്റില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

വനം വകുപ്പിനെതിരായ മുഖ്യമന്ത്രിയുടെ പരാമര്‍ശം മുന്നണിക്കുള്ളിലും ഇതിനോടകം ചര്‍ച്ചയായിട്ടുണ്ട്. ഘടക കക്ഷിയുടെ വകുപ്പിനെ പരസ്യമായി മുഖ്യമന്ത്രി തള്ളിപ്പറ‍ഞ്ഞതില്‍ സിപിഐയ്ക്കുള്ളിലും അതൃപ്തിയുണ്ടെന്നാണ് സൂചന.

വനംസെക്രട്ടറിയുടെ ഉത്തരവിങ്ങനെ

മണല്‍ വനത്തിന് പുറത്തേക്ക് കൊണ്ടുപോകാന്‍ നിയമ പ്രകാരം പ്രത്യേക അനുമതി വാങ്ങണമെന്നാണ് വനം സെക്രട്ടറിയുടെ ഉത്തരവ്. വനത്തിനുള്ളിലെ നദിയില്‍ നിന്ന് മണല്‍ നീക്കാന്‍ അനുവദിക്കില്ലെന്ന് വകുപ്പ് മന്ത്രി കെ രാജുവും വ്യക്തമാക്കി. പമ്പാ നദിയിലെ മാലിന്യം നീക്കാന്‍ കണ്ണൂരിലെ ക്ലേയ്സ് ആന്റ് സെറാമിക്സിന് നല്‍കിയ അനുമതിയുടെ മറവില്‍ മണല്‍ വാരാന്‍ ശ്രമം നടന്നതോടെയാണ് എതിര്‍പ്പുമായി വനം വകുപ്പ് രംഗത്തെത്തിയത്.

2018ലെ പ്രളയത്തിൽ പമ്പയിൽ അടിഞ്ഞ മണൽ വനം വകുപ്പ് നിർദേശിക്കുന്ന സ്ഥലത്തേക്ക് മാറ്റണം, വനത്തിന് പുറത്തേക്ക് മണൽ കൊണ്ട് പോകാൻ വന സംരക്ഷണ നിയമ പ്രകാരം പ്രത്യേക അനുമതി വാങ്ങണം, എടുക്കുന്ന മണലിന്‍റെ അളവ് ജില്ലാ കലക്ടർ ഉറപ്പ് വരുത്തണം, വില ആനുപാതികമായി നിശ്ചയിക്കും തുടങ്ങിയ വ്യവസ്ഥകളാണ് വനം സെക്രട്ടറി ഡോ. ആശാ തോമസ് ഇറക്കിയ ഉത്തരവിലുള്ളത്.

നദിയില്‍ നിന്നെടുത്ത മണൽ കോട്ടയം ജില്ലയിലെ എരുമേലിയിലേക്ക് കൊണ്ടുപോയതോടെയാണ് സംഭവം വിവാദമായത്. ഉത്തരവ് വന്നതിന് പിന്നാലെ ത്രിവേണിയിലെ മണലെടുപ്പ് നിർത്തി. വനം വകുപ്പ് പറയും പോലെ മണൽ നീക്കാൻ കഴിയില്ലെന്നായിരുന്നു കേരളാ ക്ളേയ്സ് ആൻഡ് സെറാമിക്സിന്റെ വാദം.

വിരമിക്കുന്നതിന് തൊട്ടുമുന്‍പ് ചീഫ് സെക്രട്ടറി ടോം ജോസ് ഉൾപ്പെടെയുള്ളവർ നേരിട്ടെത്തി മണലെടുക്കുന്നത് വിലയിരുത്താൻ യോഗം ചേർന്നതും വിവാദമായിരുന്നു. വനം മന്ത്രി അറിയാതെ ആയിരുന്നു യോഗം. മണലെടുപ്പിൽ അഴിമതിയുണ്ടെന്ന് പ്രതിപക്ഷവും ആരോപിച്ചിരുന്നു.