India Kerala

മുഖ്യന്ത്രിയുടെ യൂറോപ്യൻ പര്യടനം തുടരുന്നു; ‘റൂം ഫോർ റിവർ’ പദ്ധതി സന്ദർശിച്ചു

മുഖ്യന്ത്രിയുടെ യൂറോപ്യൻ പര്യടനം തുടരുന്നു. പ്രളയത്തെ മറികടക്കാനുളള ഡച്ച് മാതൃക മുഖ്യമന്ത്രി നേരിട്ട് വിലയിരുത്തി. യു.എൻ പുനർനിർമ്മാണ സമ്മേളനത്തിൽ തിങ്കളാഴ്ച മുഖ്യമന്ത്രി പങ്കെടുക്കും.

വെളളപ്പൊക്കത്തെ മറികടക്കാനായി ഡച്ച് സർക്കാർ ആവിഷ്കരിച്ച റൂം ഫോർ റിവർ പദ്ധതിയാണ് യൂറോപ്യൻ പര്യടനത്തിന്റെ ഭാഗമായി മുഖ്യമന്ത്രി സന്ദർശിച്ചത്. നദിക്ക് കൂടുതൽ വിസ്തൃതി നൽകുന്നതിലൂടെ വെള്ളപ്പൊക്ക വേളയിൽ ജലനിരപ്പ് ഉയരുന്നത് നിയന്ത്രിക്കാനും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും ലക്ഷ്യമിട്ട് നടപ്പാക്കുന്ന പദ്ധതിയാണിത്. കുട്ടനാട് ഉൾപ്പടെ സംസ്ഥാനത്തെ താഴ്ന്ന പ്രദേശങ്ങളിൽ പദ്ധതി നടപ്പാക്കാനാകുമോ എന്ന് പരിശോധിക്കുന്നതിന്റെ ഭാഗമായിരുന്നു മുഖ്യമന്ത്രിയുടെ സന്ദർശനം. വിവിധ മന്ത്രാലയങ്ങളുടേയും ഡച്ച് കമ്പനികളുടേയും പ്രതിനിധികളുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി.

ഒരാഴ്ചയിലേറെ നീളുന്ന യൂറോപ്യൻ പര്യടനത്തിൽ നെതർലൻഡ്സ് ഉൾപ്പടെ നാല് രാജ്യങ്ങളിലാണ് മുഖ്യമന്ത്രി സന്ദർശനം നടത്തുന്നത്. പ്രളയാനന്തര പുനർനിർമ്മാണ പ്രക്രിയക്ക് ഉതകുന്ന വിവിധ മോഡലുകളെക്കുറിച്ച് പഠിക്കാനും വാട്ടർ മാനേജ്മെന്റ്, ഖരമാലിന്യ സംസ്കരണം, ഗതാഗതം ഉൾപ്പടെയുളള മേഖലകളിലെ നിക്ഷേപ-വികസന സാദ്ധ്യതകൾ ചർച്ച ചെയ്യുകയാണ് സന്ദർശനത്തിന്റെ മുഖ്യലക്ഷ്യം. തിങ്കളാഴ്ച ജനീവയിൽ യുഎൻ പുനർനിർമ്മാണ സമ്മേളനത്തിൽ മുഖ്യമന്ത്രി സംസാരിക്കും. ലണ്ടൻ സ്റ്റോക് എക്സചേഞ്ചിൽ നടക്കുന്ന കിഫ്ബി മസാലബോണ്ട് രജിസ്ട്രേഷൻ ചടങ്ങിലും സെൻട്രൽ ലണ്ടനിൽ നടക്കുന്ന പ്രവാസി ചിട്ടിയുടെ യൂറോപ്പിലെ ഉദ്ഘാടനത്തിലും മുഖ്യമന്ത്രി പങ്കെടുക്കുന്നുണ്ട്.