അടിയന്തരവാസ്ഥക്കാലത്ത് ഇല്ലാത്ത അമിതാധികാരമാണ് കേന്ദ്രം കാണിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനരോഷത്തെ ഭയപ്പെടുത്തി ഇല്ലാതാക്കാനാവില്ല. ഭരണഘടനാ അവകാശങ്ങള്‍ ഒരു ശക്തിക്കും കവര്‍ന്നെടുക്കാനാവില്ലെന്നും മുഖ്യമന്ത്രി പ്രസ്താവനയില്‍ വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ ഫേസ് ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം
ജനനേതാക്കളെയും ജനങ്ങളെയും തടവിലിട്ടും സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ചും ജനാധിപത്യ പ്രതിഷേധം ഇല്ലാതാക്കാമെന്ന് കേന്ദ്ര ഭരണ നേതൃത്വം വ്യാമോഹിക്കരുത്. അടിയന്തരാവസ്ഥയിൽ പോലും ഇല്ലാതിരുന്ന അമിതാധികാര പ്രവണതയാണ് എൻ.ഡി.എ സർക്കാർ കാണിക്കുന്നത്. പൗരത്വ നിയമ ഭേദഗതിയില്‍ പ്രതിഷേധിച്ച് രാജ്യ തലസ്ഥാനത്ത് ഇടത് പാര്‍ട്ടികളും ജാമിഅ മില്ലിയ വിദ്യാര്‍ഥികളും നടത്താനിരുന്ന മാര്‍ച്ചിന് അനുമതി നിഷേധിച്ചത് ഇന്ത്യൻ ഭരണഘടന പൗരന് നൽകുന്ന സ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നാക്രമണമാണ്. ഇപ്പോൾ ഇടതുപക്ഷ പാർട്ടി നേതാക്കളെ അറസ്റ്റ് ചെയ്തിരിക്കുന്നു. സമരം ചെയ്യുന്നവരെയാക്കെ അറസ്റ്റ് ചെയ്യുന്നു. ഭീഷണിപ്പെടുത്തുന്നു. രാജ്യ തലസ്ഥാനത്ത് പോലും ഇന്റർനെറ്റും മൊബൈൽ ഫോണും ഉപയോഗിക്കുന്നതിനു നിരോധനം ഏർപ്പെടുത്തുന്നു.
ഭയപ്പെടുത്തി ഇല്ലാതാക്കാവുന്നതാണ് ജനങ്ങളുടെ രോഷം എന്ന് കരുതുന്നത് മൗഢ്യമാണ്. രാജ്യത്തെ സുപ്രധാന സർവ്വകലാശാലകളെയും വിദ്യാർത്ഥികളെയും ആക്രമിക്കുന്നത് അവസാനിപ്പിക്കണം. ഭരണഘടനാ മൂല്യങ്ങളെയും പൗരാവകാശങ്ങളെയും ചവിട്ടിത്തേച്ചു മുന്നോട്ടു പോകാൻ കേന്ദ്ര സർക്കാർ ശ്രമിക്കരുത്. നിരോധനാജ്ഞയും യാത്രാസൗകര്യനിഷേധവും അറസ്റ്റും കസ്റ്റഡിയും അടിച്ചമർത്തലും കൊണ്ട് ഒരു ജനകീയ പ്രക്ഷോഭവും തോറ്റു പോയ ചരിത്രമില്ല. രാജ്യത്താകെ ഉയരുന്ന പ്രതിഷേധത്തെ പഴമുറം കൊണ്ട് മൂടിവെക്കാൻ വൃഥാ ശ്രമിക്കുന്നതിനു പകരം തെറ്റായ നിയമ നിർമ്മാണം ഉപേക്ഷിക്കാൻ കേന്ദ്ര സർക്കാർ തയാറാകണം.
സി.പി.ഐ.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, പി.ബി അംഗങ്ങളായ പ്രകാശ് കാരാട്ട്, ബൃന്ദാ കാരാട്ട് , സി പി ഐ ജനറൽ സെക്രട്ടറി ഡി രാജ എന്നിവരടക്കമുള്ള നേതാക്കളെ ഡൽഹിയിലും ചരിത്രകാരൻ രാമചന്ദ്ര ഗുഹയെ ബംഗളൂരുവിലും കസ്റ്റഡിയിലെടുത്തതിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു.
ഭരണഘടനാ മൂല്യങ്ങളെ കശാപ്പ് ചെയ്യുന്നതിനെതിരെ രാജ്യവ്യാപകമായി ഉയർന്നു വരുന്ന പ്രതിഷേധങ്ങളും രോഷവും ഇന്ത്യൻ ജനതയുടെ വികാരത്തെയാണ് പ്രതിഫലിപ്പിക്കുന്നത്. സ്വാതന്ത്ര്യവും മത നിരപേക്ഷതയും ജനാധിപത്യവും സംരക്ഷിക്കാൻ ത്യാഗസന്നദ്ധരായി മുന്നോട്ടു വരുന്ന ജനങ്ങളെ അഭിവാദ്യം ചെയ്യുന്നു. ആ പ്രതിഷേധങ്ങളെ അടിച്ചമർത്താനുള്ള കിരാത നടപടികൾക്കെതിരെ ശക്തമായ ജനവികാരം ഉയരേണ്ടതുണ്ട്. മതനിരപേക്ഷതയും ഭരണഘടനാ മൂല്യങ്ങളും സംരക്ഷിക്കാനുള്ള ഇന്ത്യൻ ജനതയുടെ പോരാട്ടത്തിൽ മുന്നിൽ തന്നെയുണ്ടാകും എന്നാണു യോജിച്ച പ്രതികരണ വേദി ഒരുക്കി കേരളം പ്രഖ്യാപിച്ചത്. ഒരു ശക്തിക്കും കവർന്നെടുക്കാനുള്ളതല്ല നമ്മുടെ ഭരണഘടനാദത്തമായ അവകാശങ്ങൾ.