മഴയെ നേരിടാന്‍ എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തുണ്ടായത് അതിതീവ്രമഴയാണ്. വയനാട് മേപ്പാടിയുണ്ടായത് വലിയ ദുരന്തമാണ്. മേപ്പാടിയില്‍ പ്രത്യേക മെഡിക്കല്‍ സംഘത്തെ അയക്കും. സൈന്യത്തിന്റെ കൂടുതല്‍ സേവനം ലഭ്യമാക്കും. മഴ തുടര്‍ന്നാല്‍ ബാണാസുര സാഗര്‍ ഡാം തുറക്കും. എന്നാല്‍ ഇടുക്കി പോലുള്ള അണക്കെട്ടുകള്‍ തുറക്കേണ്ട സാഹചര്യമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
പെരിയാര്‍, വളപട്ടണം പുഴ, കുതിരപ്പുഴ, കുറുമന്‍പുഴ എന്നിവയെല്ലാം കരകവിഞ്ഞൊഴുകുകയാണ്. അടുത്ത 24 മണിക്കൂര്‍ അതിശക്തമായ മഴയുണ്ടാകുമെന്നാണ് പ്രവചനം. രാത്രിയോടെ ശക്തികുറഞ്ഞാലും മലയോര മേഖലയില്‍ പ്രത്യേകം ജാഗ്രത പുലര്‍ത്തണം. വടക്കന്‍ കേരളത്തില്‍ ശക്തമായ കാറ്റും മഴയും ഉണ്ടാകാനിടയുണ്ട്. കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലാണ് അതിതീവ്ര മഴ പെയ്യുന്നത്. നാളെ കഴിഞ്ഞ് മഴ കുറയാം. എന്നാല്‍ ഓഗസ്റ്റ് 15ന് ശേഷം വീണ്ടും മഴയ്ക്ക് സാധ്യതയുണ്ട്. കടല്‍പ്രക്ഷുബ്ധമാകാനും സാധ്യതയുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കഴിഞ്ഞ വര്‍ഷത്തെ പോലെ തീവ്രമായ പ്രളയ സ്ഥിതിയില്ല. മന്ത്രിമാര്‍ക്ക് ജില്ലകളില്‍ ചുമതല നല്‍കിയിട്ടുണ്ട്. കുറ്റ്യാടിയും പെരിങ്ങല്‍ക്കൂത്തുമാണ് ഇപ്പോള്‍ തുറന്നത്. ഇടുക്കി ഉള്‍പ്പെടെയുള്ള വന്‍കിട ഡാമുകള്‍ തുറക്കേണ്ട സാഹചര്യമില്ല. ബാണാസുര സാഗര്‍ തുറക്കേണ്ടി വന്നേക്കാം. തമിഴ്‌നാട്ടിലെ കോണ്ടൂര്‍ കനാല്‍ തകര്‍ന്നു. അതിന്റെ ഭാഗമായി ചാലക്കുടി പുഴയിലേക്ക് കൂടുതല്‍ വെള്ളം എത്താന്‍ സാധ്യതയുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
ഇതുവരെ സംസ്ഥാനത്ത് 315 ദുരിതാശ്വാസ ക്യാമ്പുകളിലായി 5936 കുടുംബങ്ങളിലെ 22165 പേര് ഉണ്ട്. വയനാടാണ് ഏറ്റവും കൂടുതല്‍ പേരുള്ളത്. 9951 പേര്‍ ക്യാമ്പിലുണ്ട്. ജനങ്ങൾ പരിഭ്രാന്തരാകരുതെന്നും ജാഗ്രതയാണ് ആവശ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു. നാളെ ആലപ്പുഴയില്‍ നടത്താനിരുന്ന നെഹ്റു ട്രോഫി വള്ളം കളി മാറ്റിവെച്ചു.