Kerala

സ്‌കൂളുകള്‍ തുറക്കുന്ന കാര്യം പരിഗണനയിലെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്ന കാര്യം പരിഗണനയിലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്‌കൂളുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് വിദഗ്ധരുമായി ചര്‍ച്ച നടത്തി വരികയാണ്. കോളജ് വിദ്യാര്‍ത്ഥികള്‍ കോളജില്‍ എത്തും മുന്‍പ് വാക്‌സിന്‍ സ്വീകരിക്കണം. ആരോഗ്യവകുപ്പും ഉന്നത വിദ്യാഭ്യാസ വകുപ്പും വാക്‌സിനേഷന് കൈകോര്‍ക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൊവിഡിനെ ചെറുക്കുന്നതിനുള്ള പൊതുജനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ കൊവിഡ് വാക്‌സിനേഷന്‍ കൂടി ആരംഭിച്ചതോടെ ശക്തിപ്പെട്ടുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. വാക്സിനേഷന്‍ എത്രയും വേഗം പൂര്‍ത്തിയാക്കുന്നത് വഴി ആളുകളെ സംരക്ഷിക്കാന്‍ സാധിക്കും.

കൊവിഡ് വാക്സിനുകള്‍ ആളുകളെ അണുബാധയില്‍ നിന്നും ഗുരുതരമായ അസുഖത്തില്‍ നിന്നും സംരക്ഷിക്കുകയും ആശുപത്രി വാസത്തിന്റെയും മരണത്തിന്റെയും സാധ്യത ഗണ്യമായി കുറയ്ക്കുകയും ചെയ്യുന്നു. സെപ്റ്റംബര്‍ 10 വരെ വാക്സിനേഷന്‍ എടുക്കേണ്ട ജനസംഖ്യയുടെ 78 ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്സിനും 30 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്സിനും നല്‍കിയെന്നും മുഖ്യമന്ത്രി അറിയിച്ചു.