മഴക്കാലത്ത് കരിമണൽ ഖനനം ഒഴിവാക്കുന്നതിനുള്ള നടപടികളിലേക്ക് സർക്കാർ കടക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭാ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ തീരുമാനം. തീരം സംരക്ഷിച്ച് ഖനനം മുന്നോട്ടുകൊണ്ടുപോകാനാണ് സർക്കാർ ആലോചിക്കുന്നതെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.
ആലപ്പാട്ട് ഖനന വിരുദ്ധ സമരത്തിന്റെ പശ്ചാത്തലത്തിൽ പി.സി ജോർജാണ് കരിമണൽ ഖനനത്തിന് നിയന്ത്രണം കൊണ്ടു വരുന്നത് സംബന്ധിച്ച് നിയമസഭയിൽ ചോദ്യമുന്നയിച്ചത്. കരിമണൽ ഖനന മേഖലയിൽ പ്രതിഷേധങ്ങൾക്ക് കാരണം കരയെടുത്ത് പോകുന്നതാണ്. ഇത് പരിഹരിക്കാൻ നടപടി വേണമെന്ന് പി.സി ജോർജ് ആവശ്യപ്പെട്ടു. മഴക്കാലത്ത് ഖനനം നടത്തുന്നതാണ് കടലാക്രമണം വർദ്ധിക്കാനും കര എടുക്കാനും കാരണമെന്ന് നിയമസഭ സമിതി റിപ്പോർട്ട് നൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി സൂചിപ്പിച്ചു. അതുകൊണ്ടുതന്നെ മഴക്കാലത്തെ ഖനനം നിർത്താനുള്ള നടപടികളിലേക്കാണ് സർക്കാർ പോകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
മഴക്കാലത്ത് ഖനനം നിർത്തുന്നതിനുള്ള വ്യവസ്ഥകൾ കൊണ്ടുവരും. ഖനനം നടത്തുന്നവർക്ക് അത് പാലിക്കൽ നിർബന്ധമാക്കുന്ന രീതിയിൽ സർക്കാർ വ്യവസ്ഥകൾ ശക്തമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കരിമണൽ ഖനനം തുടരുമെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി അതേസമയം കരയെടുത്തു പോകുന്നതിന് കാരണമാകുന്ന മഴക്കാലത്തെ ഖനനം നിർത്തി വയ്ക്കുമെന്നാണ് നിയമസഭയിൽ വ്യക്തമാക്കിയത്.