മോട്ടോർ വാഹന ഭേദഗതി നിയമത്തിലെ ഉയർന്ന പിഴ കുറയ്ക്കുന്നത് ചർച്ച ചെയ്യാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് യോഗം ചേരും. ഗതാഗത, നിയമ മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും. കേന്ദ്രം നിശ്ചയിച്ച പിഴ സംസ്ഥാനത്തിന് കുറയ്ക്കാനാകില്ലെന്ന നിയമോപദേശമാണ് ഗതാഗത വകുപ്പിന് ലഭിച്ചത്.
രണ്ടാഴ്ച സംസ്ഥാനത്ത് വാഹന പരിശോധന നിലച്ചതോടെ നിയമ ലംഘകരുടെ എണ്ണമേറിയിരുന്നു. തുടർന്ന് വ്യാഴാഴ്ച മുതൽ വാഹന പരിശോധന കർശനമാക്കി. പിഴത്തുക നേരിട്ട് ഈടാക്കുന്നതിന് പകരം കേസ് കോടതിയിലേക്ക് വിടുകയാണ്. അതിനാൽ പിഴ അടയ്ക്കാൻ സാവകാശം ലഭിക്കും. നിയമ ഭേദഗതിയിലെ ആശയക്കുഴപ്പം പരിഹരിക്കാൻ കേന്ദ്രത്തിന് സംസ്ഥാനം കത്തയച്ചിരുന്നു. തീരുമാനമൊന്നും വരാത്ത സാഹചര്യത്തിൽ കഴിയുന്ന തോതിൽ നിരക്കു കുറയ്ക്കാനാണ് നീക്കം.
കേന്ദ്ര ഭേദഗതി വന്നതിനു പിന്നാലെ പിഴ 50 % കുറച്ച് മണിപ്പൂർ വിജ്ഞാപനമിറക്കി. ഇതിന്റെ നിയമവശം പഠിച്ചു നടപ്പാക്കുകയാണ് ഇന്നത്തെ യോഗത്തിലെ ചർച്ച. കേന്ദ്രം നിശ്ചയിച്ച പിഴ സംസ്ഥാനത്തിന് കുറയ്ക്കാനാകില്ലെന്ന നിയമോപദേശമാണ് ഗതാഗത വകുപ്പിന് ലഭിച്ചത്. പരമാവധി ഇത്ര തുക വരെ എന്നു നിർദ്ദേശിക്കുന്ന 11 വകുപ്പുകൾക്ക് പിഴ തുക കുറയ്ക്കാൻ തടസ്സമില്ലെന്ന് നിയമവകുപ്പ് അറിയിച്ചിട്ടുണ്ട്. ഹെൽമറ്റ് സീറ്റ് ബൽറ്റ് ഇല്ലാത്തതിനുള്ള 1000 രൂപ കുറയ്ക്കുന്നതിന് സംസ്ഥാനത്തിന് അധികാരമില്ല.