സ്വാതന്ത്ര്യദിനത്തില്‍ സംസ്ഥാനത്തും വിവിധ പരിപാടികള്‍ തുടരുകയാണ്. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും രാജ്ഭവനില്‍ ഗവര്‍ണര്‍ പി.സദാശിവവും ദേശീയപതാക ഉയര്‍ത്തി. ജില്ലകളില്‍ മന്ത്രിമാര്‍ സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കി.
കവളപ്പാറയില്‍ ഒരു മുസ്ലിം ആരാധനാലയം പോസ്റ്റ്‌മോര്‍ട്ടത്തിനായി തുറന്നു കൊടുത്തു. ഇത് രാജ്യത്തിനാകെ മാതൃകയാണ്. പ്രകൃതി ക്ഷോഭത്തില്‍ ജീവന്‍ നഷ്ടപ്പെട്ട പ്രിയപ്പെട്ട സഹോദരങ്ങളുടെ സ്മരണയ്ക്കു മുന്നില്‍ പ്രണമിക്കുന്നു. തുടര്‍ച്ചയായി രണ്ടാം വര്‍ഷവും ദുഃഖത്തിന്റെ നിഴല്‍ വീണ പശ്ചാത്തലത്തിലാണ് സ്വാതന്ത്ര്യ ദിനം. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും പുനര്‍നിര്‍മ്മാണത്തിനും വേണ്ടിയാകട്ടെ ഇത്തവണത്തെ ആഘോഷമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വേര്‍തിരിവുകള്‍ക്ക് അതീതമായ ഐക്യത്തിന് അത്ഭുതങ്ങള്‍ സൃഷ്ടിക്കാനാവുമെന്ന് നമ്മള്‍ തെളിയിച്ചു. എന്തു ദുരന്തമുണ്ടായാലും നാം തളര്‍ന്നു കൂടാ. ഭരണഘടനാ മൂല്യങ്ങളെ കണ്ണിലെ കൃഷ്ണമണി പോലെ കാക്കണം. ജനാധിപത്യ റിപ്പബ്ലിക്ക് ആയിട്ടു കൂടി ജനാധിപത്യ പാര്‍ട്ടികളുടെ നേതാക്കള്‍ക്ക് വീട്ടുതടങ്കലില്‍ കഴിയേണ്ടിവന്നുവെന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു.
രാഷ്ട്രപതിയുടെ പോലീസ് മെഡലുകള്‍ ജീവന്‍ രക്ഷാപതക്കങ്ങള്‍ എന്നിവയും മുഖ്യമന്ത്രി വിതരണം ചെയ്തു. കൊല്ലത്ത് മന്ത്രി കെ.രാജു, പത്തനംതിട്ടയില്‍ ജെ. മെഴ്‌സികുട്ടിയമ്മ, ആലപ്പുഴ ജി.സുധാകരന്‍, കോട്ടയത്ത് പി. തിലോത്തമന്‍, ഇടുക്കിയില്‍ എം.എം മണി, എറണാകുളത്ത് വി.എസ് സുനില്‍ കുമാര്‍, തൃശൂര്‍ എ.സി. മൊയ്തീന്‍, പാലക്കാട് കെ കൃഷ്ണന്‍കുട്ടി, മലപ്പുറത്ത് കെ.ടി ജലീല്‍, വയനാട് കെ.കെ.ശൈലജ, കോഴിക്കോട് എ.കെ ശശീന്ദ്രന്‍, കണ്ണൂര്‍ പി.ജയരാജന്‍, കാസര്‍ഗോഡ് ഇ.ചന്ദ്രശേഖരന്‍ എന്നിവര്‍ പതാക ഉയര്‍ത്തി.