Kerala

സിൽവർലൈൻ : പ്രധാനമന്ത്രിയുടെ പ്രതികരണം ആരോഗ്യകരം; നന്ദി അറിയിച്ചു മുഖ്യമന്ത്രി

സിൽവർലൈൻ പദ്ധതിയോടുള്ള പ്രധാനമന്ത്രിയുടെ പ്രതികരണം ആരോഗ്യകര- മായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ നടത്തിയ വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.

ഇന്ന് രാവിലെ 11 മണിക്കായിരുന്നു മുഖ്യമന്ത്രി പിണറായി വിജയനും പ്രധാനമന്ത്രി നരേന്ദ് മോദിയും തമ്മിൽ കൂടിക്കാഴ്ച നടത്തിയത്. ചർച്ചയിൽ സിൽവർലൈൻ പദ്ധതിയോട് അനുഭാവപൂർണമായ പ്രതികരണമാണ് പ്രധാനമന്ത്രിയുടെ ഭാഗത്ത് നിന്ന് ഉണ്ടായതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രാനുമതി വേഗത്തിൽ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രധാനമന്ത്രിക്ക് നന്ദി അറിയിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

കേന്ദ്ര റെയിൽവേ മന്ത്രിയുമായി സംസാരിക്കാൻ മുഖ്യമന്ത്രിക്ക് കഴിഞ്ഞില്ല. എന്നാൽ പദ്ധതിയെ പറ്റി അതീവ താത്പര്യത്തോടെ കേട്ട പ്രധാനമന്ത്രി സിൽവർലൈനെ കുറിച്ച് റെയിൽവേ മന്ത്രിയുമായി സംസാരിക്കാമെന്ന് പറഞ്ഞതായും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിൽ ഗതാഗതത്തിന് വേണ്ടിവരുന്ന അധിക സമയയമാണ് പ്രശ്‌നമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പദ്ധതിയെ എതിർക്കുന്നവർ പോലും പറയുന്നത് വേഗത കൂടിയ യാത്രാ സംവിധാനം വേണമെന്നാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. സിൽവർലൈൻ ഏറ്റവും സുരക്ഷിതമായ യാത്രാസംവിധാനമാണെന്നും, പരിസ്ഥിതി സൗഹൃദയാത്ര സർക്കാർ ഉറപ്പ് നൽകുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

സിൽവർലൈൻ പദ്ധതിക്ക് കണക്കാക്കുന്ന ചെലവ് 63,941 കോടി രൂപയാണ്.