കെപിസിസി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനുമെതിരെ കേസെടുത്തതിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം. മലപ്പുറത്തും കാസർഗോഡും കണ്ണൂരും പ്രവർത്തകരും പൊലീസും തമ്മിൽ ഏറ്റുമുട്ടി. നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.
കെപിസിസി പ്രസിഡന്റിനും പ്രതിപക്ഷ നേതാവിനുമെതിരായ കള്ളക്കേസുകള്‍ രാഷ്ട്രീയ വേട്ടയുടെ ഭാഗമെന്ന് ആരോപിച്ചാണ് സംസ്ഥാന വ്യാപക സമരം നടത്തിയത്. ജില്ലാ പൊലീസ് ആസ്ഥാനങ്ങളിലേക്കും തിരുവനന്തപുരത്ത് ഡിജിപി ഓഫീസിലേക്കുമായിരുന്നു മാര്‍ച്ച്. കാസർഗോഡ് പ്രവര്‍ത്തകരും പൊലീസുകാരും തമ്മില്‍ ഏറ്റുമുട്ടി. സംഘര്‍ഷത്തില്‍ ഡിസിസി പ്രസിഡന്റെ പി.കെ ഫൈസലിന് പരിക്കേറ്റു. കൊല്ലത്ത് കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ വനിത പൊലീസ് അടക്കം പ്രതിഷേധക്കാർക്ക് ഒപ്പം നിലത്ത് വീണു.
മലപ്പുറത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി. നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ഇവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. യോതൊരു മുന്നറിയിപ്പും ഇല്ലാതെ വനിതാ പ്രവര്‍ത്തകരെ ഉള്‍പ്പടെ പൊലീസ് തല്ലിയെന്ന് ഡിസിസി പ്രസിഡന്റ് ആരോപിച്ചു. തിരുവനന്തപുരത്ത് ഡിജിപി ഓഫീസ് മാര്‍ച്ച് എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ ഉദ്ഘാടനം ചെയ്തു. യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ മുരളീധരന്‍ ഉള്‍പ്പടെ പ്രധാന നേതാക്കളാണ് വിവിധ ജില്ലാ പൊലീസ് ആസ്ഥാനങ്ങളിലെ മാര്‍ച്ചിന് നേതൃത്വം നല്‍കിയത്.