India Kerala

മുത്തങ്ങ ദിനാചരണവും ജോഗി അനുസ്മരണവും നടത്തി

ആദിവാസി ഗോത്രമഹാസഭയുടെ ആഭിമുഖ്യത്തില്‍ വയനാട് മാനന്തവാടിയില്‍ മുത്തങ്ങ ദിനാചരണവും ജോഗി അനുസ്മരണവും നടത്തി. മാനന്തവാടി നഗരസഭ കമ്മ്യൂണിറ്റി ഹാളില്‍ നടന്ന ചടങ്ങ് ഗോത്രമഹാസഭ അധ്യക്ഷ സി.കെ. ജാനു ഉദ്ഘാടനം ചെയ്തു.

മുത്തങ്ങയിലെ പൊലീസ് വെടിവെപ്പിന്റെ പതിനാറാം വാര്‍ഷികത്തിന്റെ ഭാഗമായാണ് ഗോത്ര മഹാസഭ മുത്തങ്ങ അനുസ്മരണവും ജോഗി രക്ഷസാക്ഷി ദിനാചരണവും സംഘടിപ്പിച്ചത്. ജോഗി സ്മൃതി മണ്ഡപത്തില്‍ ഗോത്രപൂജയും നടത്തിയ ശേഷമാണ് പരിപാടികള്‍ ആരംഭിച്ചത്. ഭൂമിക്കു വേണ്ടിയുള്ള സമരം തുടരുക തന്നെ ചെയ്യുമെന്ന് ആദിവാസി ഗോത്രമഹാസഭ സംസ്ഥാന അദ്ധ്യക്ഷ സി.കെ.ജാനു പറഞ്ഞു. ഭൂരഹിതരായ മുഴുവന്‍ ആദിവാസികള്‍ക്കും ഭൂമി ലഭ്യമാകും വരെ സമരം തുടരുമെന്നും അവര്‍ പറഞ്ഞു.

അധ്യാപകനും എഴുത്തുകാരനുമായ കെ.കെ സുരേന്ദ്രന്റെ തിരുനെല്ലിയിലും മുത്തങ്ങയിലും പിന്നീട് സംഭവിച്ചത് എന്ന പുസ്തകവും സി.കെ ജാനു പ്രകാശനം ചെയ്തു. സിവിക് ചന്ദ്രന്‍ പുസ്തകത്തിന്റെ അവതരണം നിര്‍വ്വഹിച്ചു.

മാമന്‍ മാഷ് നിയന്ത്രിച്ച പരിപാടിയില്‍ ഐക്യ മലയരയ മഹാസഭ നേതാവ് ഹരീഷ് ഇടുക്കി മുഖ്യപ്രഭാഷണം നടത്തി രാജു പുല്‍പ്പള്ളി, മോഹന്‍ദാസ് കോട്ടയം, മുരുകേശന്‍ കന്യാകുമാരി, ചന്ദ്രന്‍ കാര്യമ്പാടി, ദേവി ചക്കിണി, റീന അപ്പപ്പാറ, രവി ബത്തേരി, ബാബു കൊട്ടിയൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.