Kerala

‘ഗോത്ര സ്വത്വത്തെ തകർക്കരുത്’; ഏകീക്രത സിവിൽ കോഡിനെ എതിർത്ത് സി.കെ ജാനു

ഏകീക്രത സിവിൽ കോഡിനെ എതിർത്ത് സി.കെ ജാനു. ഏക സിവിൽ കോഡ് ആദിവാസി ജീവിതത്തെ ബാധിക്കും. ഗോത്ര സ്വത്വത്തെ തകർക്കരുതെന്നും ആദിവാസികളുടെ ജീവിതരീതി സിവിൽ നിയമങ്ങൾക്ക് അപ്പുറത്താണെന്നും സി.കെ ജാനു പറഞ്ഞു. 

‘ഓരോ വിഭാഗത്തിനും ഓരോ രീതികളുണ്ട്. സംസ്‌കാരവും ജീവിതവും നിലവിലുള്ളത് പോലെ തന്നെ തുടരേണ്ടതുണ്ട്. ഗോത്ര ജീവിതം പൊതുസമൂഹത്തിന് ഒരു തരത്തിലും ദോഷം ചെയ്യുന്ന ഒന്നല്ല. പ്രകൃതിയെയും മനുഷ്യരെയും സംരക്ഷിക്കുന്നതാണ് ഗോത്ര രീതികൾ. നൂറ്റാണ്ടുകളായി ഇത് തുടർന്ന് വരികയാണ്. ഇതിനെ ഇല്ലാതാക്കി മറ്റൊരു സംവിധാനത്തെ ഉൾക്കൊള്ളാൻ ആദിവാസികൾക്ക് കഴിയില്ല’ സി.കെ ജാനു പറഞ്ഞു.

തന്റെ തീരുമാനം എൻഡിഎയ്‌ക്കൊപ്പം തുടരാനാണെന്നും അത് രാഷ്ട്രീയമാണെന്നും രാഷ്ട്രീയവും സമുദായവും രണ്ടാണെന്നും സി.കെ ജാനു പറഞ്ഞു. ഏക സിവിൽ കോഡിനെതിരെ സിപിഐഎമ്മിനൊപ്പം ചേർന്നുള്ള പ്രതിഷേധത്തിനില്ലെന്നും സിപിഐമ്മിന് ഇരട്ടത്താപ്പാണെന്നും സി.കെ ജാനു ആരോപിച്ചു. പാർട്ടിയിൽ ആളെ കൂട്ടാനുള്ള രാഷ്ടീയമാണ് സിപിഐഎം നടത്തുന്നതെന്നും അതുകൊണ്ട് തന്നെ അവരുടെ പ്രതിഷേധങ്ങളിൽ വിശ്വാസമില്ലെന്നും സി.കെ ജാനു പറഞ്ഞു. ഏക സിവിൽ കോഡിനെതിരായുള്ള എതിർപ്പ് എൻഡിഎ വേദികളിൽ അവസരം കിട്ടിയാൽ ഉന്നയിക്കുമെന്നും അവർ വ്യക്തമാക്കി.