India Kerala

ലോക്സഭ തെരഞ്ഞെടുപ്പിലെ നിലപാട് കൂടിയാലോചിച്ച് തീരുമാനിക്കുമെന്ന് സി.കെ ജാനു

നിലവിൽ ഇടതു മുന്നണിയോടൊപ്പമാണെങ്കിലും ലോക്സഭ തെരഞ്ഞെടുപ്പിലെ നിലപാട് കൂടിയാലോചിച്ച് തീരുമാനിക്കുമെന്ന് ജനാധിപത്യ രാഷ്ട്രീയ പാർട്ടി നേതാവ് സി.കെ ജാനു. എൻ.ഡി.എ വിട്ട പാര്‍ട്ടി ആദിവാസി ഭൂപ്രശ്നങ്ങളുയർത്തിയാവും തെരഞ്ഞെടുപ്പു കാലത്ത് പ്രചരണ രംഗത്തുണ്ടാവുക.

ആദിവാസി ഗോത്രമഹാ സഭാധ്യക്ഷയായിരിക്കെ പൊതു സ്വീകാര്യത നേടിയിരുന്ന സി.കെ ജാനു ബി.ജെ.പിയുമായി അടുക്കുകയും കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ എൻ.ഡി.എ സ്ഥാനാർത്ഥിയായി മത്സരിക്കുകയും ചെയ്തിരുന്നു.ഇപ്പോൾ എൻ.ഡി.എ വിട്ട് ഇടതു മുന്നണിയുമായി അടുത്ത ശേഷം നടക്കുന്ന ലോക്സഭ തെരെഞ്ഞെടുപ്പിൽ നിലപാട് വ്യക്തമാക്കാൻ കൂടിയാലോചന വേണമെന്നാണ് ജാനു പറയുന്നത്. ആദിവാസി പ്രശ്നങ്ങളും ഭൂപ്രശ്നങ്ങളും സജീവ ചർച്ചയാക്കി നിർത്താനാണ് ജനാധിപത്യ രാഷ്ട്രീയ പാർട്ടി ശ്രമിക്കുക.

എൻ.ഡി.എ സ്ഥാനാർത്ഥിയായി മത്സരിച്ച ജാനുവിനും ബി.ജെ.പിക്കും വയനാട്ടിൽ നേട്ടമുണ്ടാക്കാനായിരുന്നില്ല. ബി.ജെ.പിക്ക് മാത്രം 28000 വോട്ടുകളുള്ള ബത്തേരിയിൽ 27920 വോട്ടുകളാണ് ജാനുവിന് ആകെ ലഭിച്ചത്. ആദിവാസികൾക്കിടയിലും പൊതു സമൂഹത്തിൽ നിന്നും പിന്തുണ കുറഞ്ഞതായി തെരെഞ്ഞെടുപ്പിലൂടെ ജാനു നേരിട്ടറിയുകയായിരുന്നു. പിന്നീടാണ് ഇടതുമുന്നണിയുമായി അടുക്കുന്നത്.