India Kerala

ചൂർണിക്കര പഞ്ചായത്ത് ഭരണം വീണ്ടും എല്‍.ഡി.എഫിന്

ആലുവ ചൂർണിക്കര പഞ്ചായത്തിൽ വീണ്ടും ഭരണമാറ്റം. നിലവിലെ യു.ഡി.എഫ് ഭരണ സമിതിയെയാണ് അവിശ്വാസത്തിലൂടെ എല്‍.ഡി.എഫ് പുറത്താക്കിയത്. ആറ് മാസത്തിനുളളില്‍ ഇത് രണ്ടാം തവണയാണ് ചൂര്‍ണിക്കരയില്‍ ഭരണമാറ്റം ഉണ്ടാകുന്നത്.

യു.ഡി.എഫിന്റെ പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന ബാബു പുത്തനങ്ങാടിയെയാണ് അവിശ്വാസ പ്രമേയത്തിലൂടെ എൽ.ഡി.എഫ് പുറത്താക്കിയത്. 18 അംഗങ്ങളുള്ള ചൂർണിക്കര പഞ്ചായത്തിൽ പ്രമേയം വോട്ടിനിട്ടപ്പോൾ 10 എൽ.ഡി.എഫ് അംഗങ്ങളേ ഹാജരായുളളൂ. ആറ് മാസങ്ങൾക്കു മുമ്പ് എൽ.ഡി.എഫ് പഞ്ചായത്ത് പ്രസിഡൻറ് സ്ഥാനാർഥിയെ പരാജയപ്പെടുത്തിയാണ് യു.ഡി.എഫ് അധികാരത്തിലെത്തിയത്.

ആറ് മാസത്തിന് മുന്‍പ് എൽ.ഡി.എഫ് ഭരണ സമിതിയിലെ പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന എ.പി ഉദയകുമാർ ആലുവ ഏരിയ സെക്രട്ടറിയായ ഒഴിവിലായിരുന്നു തെരഞ്ഞെടുപ്പ്. അന്ന് എൻ.സി.പി അംഗവും സ്വതന്ത്ര അംഗവും കൂറുമാറി. ഇതോടെ എല്‍.ഡി.എഫിന് അധികാരം നഷ്മായി. ആറ് മാസത്തിന് ശേഷം തന്ത്രപരമായ നീക്കത്തിലൂടെ എല്‍.ഡി.എഫ് അധികാരം തിരിച്ച് പിടിച്ചു.