ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍. എന്റെ കേരളം പ്രദര്‍ശനത്തില്‍ തന്നെ അവഗണിച്ചെന്ന ആരോപണമാണ് മന്ത്രിക്കെതിരെ ഡെപ്യൂട്ടി സ്പീക്കര്‍ ഉന്നയിച്ചത്. ഫോണ്‍ വിളിച്ചാല്‍ എടുക്കാനുള്ള മര്യാദ പോലും മന്ത്രിക്കില്ല. കൂടിയാലോചനയ്ക്കായി എംഎല്‍എമാരെ മന്ത്രി വിളിക്കാറില്ല. ഏകോപനം അറിയില്ലെന്നും ചിറ്റയം ഗോപകുമാര്‍ വിമര്‍ശിച്ചു.
തന്നെ പതിവായി അവഗണിക്കുന്നുവെന്ന് ആരോപണം ഉന്നയിച്ച് എന്റെ കേരളം പ്രദര്‍ശനത്തിന്റെ ഉദ്ഘാടന പരിപാടിയില്‍ നിന്ന് ചിറ്റയം ഗോപകുമാര്‍ വിട്ടുനിന്നിരുന്നു. ഇതിന് പിന്നാലെയാണ് ഡെപ്യൂട്ടി സ്പീക്കര്‍ ആരോഗ്യമന്ത്രിയെ പേരെടുത്ത് പറഞ്ഞ് വിമര്‍ശിച്ചത്. താന്‍ അധ്യക്ഷത വഹിക്കേണ്ട പരിപാടിയെക്കുറിച്ച് അറിയിച്ചത് തലേദിവസം രാത്രിയാണെന്നും ഇത്തരത്തില്‍ അവഗണിക്കപ്പെട്ടതിനാലാണ് പരിപാടിയില്‍ പങ്കെടുക്കാതിരുന്നതെന്നും ചിറ്റയം ഗോപകുമാര്‍ പറഞ്ഞു.
അടൂര്‍ മണ്ഡലത്തില്‍ ആരോഗ്യ മന്ത്രി പങ്കെടുക്കുന്ന യാതൊരു പരിപാടിയും എംഎല്‍എയായ തന്നെ വിളിച്ച് അറിയിക്കാറില്ല. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പോലും ഈ വിധത്തില്‍ അവഗണിക്കപ്പെട്ടിട്ടില്ല. പരാതികള്‍ ജില്ലാ നേതൃത്വത്തോട് പറഞ്ഞിട്ട് യാതൊരു ഫലവും കാണാത്തതിനാലാണ് ഇപ്പോള്‍ തുറന്ന് പറയേണ്ടി വന്നതെന്നും ചിറ്റയം ഗോപകുമാര്‍ കൂട്ടിച്ചേര്‍ത്തു.