ജോളി ജോസഫിന് എന്‍ഐടി പരിസരം കേന്ദ്രീകരിച്ച് വസ്തു ഇടപാടുകളും ഉണ്ടായിരുന്നതായി പൊലീസിനു വിവരം ലഭിച്ചു. ജോളി തയാറാക്കിയ വ്യാജ ഒസ്യത്തില്‍ ഒപ്പിട്ട സിപിഎം മുന്‍ ലോക്കല്‍ സെക്രട്ടറി കെ.മനോജിനെ ജോളി പരിചയപ്പെട്ടത് വസ്തു ഇടപാടു വഴിയാണ്. എന്‍ഐടി പരിസരത്തെ ഭൂമി വാങ്ങുന്നതിന് അഡ്വാന്‍സ് നല്‍കുന്നതിനായാണ് ജോളി ഒരു ലക്ഷം രൂപ കൈമാറിയത്. രണ്ടു ചെക്കുകളായാണു പണം നല്‍കിയത്.
കച്ചവടം മുടങ്ങിയെങ്കിലും മനോജ് പണം തിരിച്ചുനല്‍കിയില്ല. ഇതോടെ ഇരുവരും തമ്മില്‍ തെറ്റി. പല തവണ ആവശ്യപ്പെട്ടതോടെ മനോജ് ചെറിയ തുകകളായി മടക്കി നല്‍കി.എന്‍ഐടിക്കു സമീപം കട്ടാങ്ങല്‍ ജംക്ഷനിലെ പെട്ടിക്കടയിലാണു മനോജ് പണം ഏല്‍പിച്ചത്. കഴിഞ്ഞ ദിവസം തെളിവെടുപ്പിനിടെ കട്ടാങ്ങലില്‍ വാഹനം നിര്‍ത്തിയപ്പോള്‍ ഈ കട ജോളി പൊലീസിനു കാണിച്ചുകൊടുത്തിരുന്നു.
കടയുടമയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. ജോളിയുടെ റിയല്‍ എസ്റ്റേറ്റ് ഇടപാടുകളുടെ പിന്നാലെ സഞ്ചരിച്ചതോടെയാണു കോണ്‍ഗ്രസ് പ്രവര്‍ത്തകനായ മണ്ണിലിടത്തില്‍ രാമകൃഷ്ണന്റെ വസ്തുക്കച്ചവടവും പിന്നാലെയുള്ള മരണവും പൊലീസിന്റെ ശ്രദ്ധയിലെത്തിയത്.ജോളി ജോസഫുമായി ഉറ്റ സൗഹൃദമുണ്ടായിരുന്ന യുവതിയെ പൊലീസ് തിരയുന്നു. എന്‍ഐടി പരിസരത്തെ തയ്യല്‍ക്കടയില്‍ ജോലി ചെയ്തിരുന്ന യുവതിയെ ചോദ്യം ചെയ്താല്‍ ജോളിയുടെ എന്‍ഐടി ജീവിതത്തിന്റെ ചുരുളഴിക്കാന്‍ കഴിയുമെന്നാണു പൊലീസിന്റെ പ്രതീക്ഷ.